SPORTS

ആദ്യ ഓവറിൽ രണ്ടു വിക്കറ്റ് തൂക്കി, 25 പന്തിൽ അർധ സെഞ്ചറി, ഗാലറിയിലെത്തിയത് അഞ്ച് സിക്സുകൾ; അർജുന്റെ ഓൾറൗണ്ട് അവതാരം


മുംബൈ∙ ട്വന്റി20 മുംബൈ 2026 സീസണിൽ തകർപ്പൻ ഓൾറൗണ്ട് പ്രകടനവുമായി യുവതാരം അർജുൻ തെൻഡുല്‍ക്കർ. മുംബൈ ലീഗിൽ എ.ആർ.സി.എസ്. അന്ധേരിയുടെ താരമായ അർജുൻ ബാന്ദ്ര ബ്ലാസ്റ്റേഴ്സിനെതിരെ അർധ സെഞ്ചറിയും മൂന്നു വിക്കറ്റുകളുമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ബാന്ദ്രയ്ക്കെതിരെ മൂന്നോവറുകൾ പന്തെറിഞ്ഞ താരം 11 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. 34 പന്തുകൾ നേരിട്ട അർജുൻ അഞ്ച് സിക്സുകളും നാല് ഫോറുകളും ബൗണ്ടറി കടത്തി 66 റൺസാണു നേടിയത്. 25 പന്തുകളിൽനിന്ന് താരം ലീഗിലെ ആദ്യ അർധ സെഞ്ചറി തികച്ചു. 38 പന്തിൽ 54 റൺസെടുത്ത മുഷീർ ഖാനും അന്ധേരിക്കു വേണ്ടി പുറത്താകാതെ നിന്നു. ഓപ്പണര്‍ ദിവ്യാൻസ് സക്സേന 11 പന്തില്‍ 26 റണ്‍സ് സ്കോർ ചെയ്തു. അന്ധേരി ഒൻപതു വിക്കറ്റ് വിജയം നേടിയതോടെ അർ‍ജുൻ കളിയിലെ താരവുമായി. ഇന്ത്യൻ പ്രീമിയർ‍ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമായ അർജുന് ഒരു മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്. സീസണിൽ നാലു മത്സരങ്ങളിൽ മൂന്നും ജയിച്ച അന്ധേരി, ആറു പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.


Source link

Back to top button