SPORTS
ഇന്ത്യൻ ടീമിലെത്തുന്ന പ്രായം കുറഞ്ഞ താരം, സച്ചിന്റെ റെക്കോർഡ് പൊളിച്ച് വൈഭവ് സൂര്യവംശി, കളിച്ചാൽ വീണ്ടും നേട്ടം

മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശി. ഇന്ത്യൻ സീനിയർ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് വൈഭവ് സ്വന്തം പേരിലാക്കിയത്. ഇംഗ്ലണ്ട്, അയർലൻഡ് ടീമുകൾക്കെതിരായ പരമ്പരകൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ട്വന്റി20 ടീമുകളിലാണ് വൈഭവ് ഇടം പിടിച്ചത്. ഓപ്പണിങ്ങിൽ അവസരങ്ങൾ കുറവാണെങ്കിലും ഈ ടൂർണമെന്റുകളിൽ കുറച്ചു മത്സരങ്ങളില്‍ വൈഭവ് കളിക്കുമെന്ന് ഉറപ്പാണ്. പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടാൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവിനു സ്വന്തമാകും.2025 ഐപിഎലിൽ മലയാളി താരം സഞ്ജു സാംസണിനു പരുക്കേറ്റപ്പോഴാണ് വൈഭവ് രാജസ്ഥാൻ പ്ലേയിങ് ഇലവനിൽ ആദ്യമായി കളിക്കുന്നത്. അതിവേഗ ബാറ്റിങ് ശൈലിയിലൂടെ ഞെട്ടിച്ച താരം വൈകാതെ പ്ലേയിങ് ഇലവനിലെ സ്ഥിരസാന്നിധ്യമായി. 2026 ഐപിഎലിനു മുന്നോടിയായി സഞ്ജു ടീം വിട്ടതോടെ, വൈഭവ്– യശസ്വി ജയ്സ്വാൾ സഖ്യം നൽകുന്ന കരുത്തിലാണ് രാജസ്ഥാൻ പ്ലേ ഓഫിലെത്തിയത്. ഈ വർഷം നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു.
Source link


