SPORTS

‘ആ സ്വപ്നം സഫലമായില്ല, എങ്കിലും പോരാട്ടം അവസാനിച്ചിട്ടില്ല’: വിരമിക്കൽ പ്രഖ്യാപിച്ച് യുസ്‌വേന്ദ്ര ചെഹൽ


ചണ്ഡിഗഡ് ∙ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചെഹൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷം നീണ്ടുനിന്ന റെഡ് ബോൾ കരിയറിനാണ് താരം വെള്ളിയാഴ്ച വിരാമമിട്ടത്. ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്ന തന്റെ സ്വപ്നം ഒരുപക്ഷേ ഇനി സഫലമായേക്കില്ലെന്നും എങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ കളി തുടരാൻ തന്നെയാണ് തീരുമാനമെന്നും ചെഹൽ വ്യക്തമാക്കി.2009ൽ ഹരിയാനയ്ക്ക് വേണ്ടിയാണ് ചെഹൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 49 മത്സരങ്ങളിൽ നിന്നായി 32.27 ശരാശരിയിൽ 148 വിക്കറ്റുകൾ സ്വന്തമാക്കി. ലോർഡ്സിലാണ് അദ്ദേഹം തന്റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. ടെസ്റ്റ് ക്യാപ് എന്നത് കരിയറിലുടനീളം ഒരു സ്വപ്നമായി അവശേഷിക്കുന്നെന്ന് ചെഹൽ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ വിരമിക്കൽ തീരുമാനം അറിയിച്ചുകൊണ്ട് ചെഹൽ തന്റെ റെഡ് ബോൾ കരിയറിലെ യാത്രയെക്കുറിച്ച് ഓർമകൾ പങ്കുവച്ചു. ‘‘ഞാൻ ആദ്യമായി കൈയ്യിലെടുത്ത ക്രിക്കറ്റ് പന്ത് ഒരു ചുവന്ന പന്തായിരുന്നു. അന്ന് എനിക്ക് 10 വയസ്സായിരുന്നു പ്രായം. ഈ കളിയോട് ഞാൻ ഇത്രയധികം പ്രണയത്തിലാകുമെന്ന് അന്ന് കരുതിയിരുന്നില്ല.’’‘പോരാട്ടം അവസാനിച്ചിട്ടില്ല’ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ‌നിന്ന് വിരമിച്ചെങ്കിലും ‌രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നത് നിർത്താൻ തനിക്ക് പദ്ധതിയുമില്ലെന്ന് ചെഹൽ വ്യക്തമാക്കി. ‘‘എന്റെ പോരാട്ടം അവസാനിച്ചിട്ടില്ല. രാജ്യത്തിനായി കളിക്കാനുള്ള ആഗ്രഹം ഇപ്പോഴും എന്നിൽ ബാക്കിയുണ്ട്. എന്നിൽ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ മറ്റൊരു അവസരം കൂടി നേടിയെടുക്കാൻ ഞാൻ എന്റെ പരമാവധി ശ്രമിക്കു.’’– ചെഹൽ പറഞ്ഞു.


Auto ⏭️

Back to top button