AUTO

ഒന്നും രണ്ടുമല്ല… ഹോണ്ട എത്തുന്നത് 6 പുതിയ മോഡലുകളുമായി!


ഇന്ത്യന്‍ കാര്‍ വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട. 2026-27 സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ ആറ് പുതിയ മോഡലുകള്‍ പുറത്തിറക്കാനാണ് ഹോണ്ടയുടെ തീരുമാനം. ഹരിത ഇന്ധനങ്ങളിലേക്കുള്ള മാറ്റത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഹൈബ്രിഡ് മോഡലുകള്‍ക്കായിരിക്കും ഹോണ്ട പ്രാധാന്യം നല്‍കുക. ‘ആറ് മോഡലുകള്‍ വിപണിയിലെത്തിക്കുന്ന 2026-27 സാമ്പത്തികവര്‍ഷം ഹോണ്ടയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. വിപണിയിലെ മത്സരം നിലനിര്‍ത്തുന്നതിനൊപ്പം ബ്രാന്‍ഡിന്റെ സാന്നിധ്യം ശക്തമാക്കാനും ഇത് സഹായിക്കും. സിറ്റിയും ZR-Vയും ഇതിന്റെ തുടക്കമാണ്. വരും മാസങ്ങളില്‍ ഹോണ്ടയുടെ 0 ആല്‍ഫ കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ഇവിയും ഹൈബ്രിഡ് കരുത്തുള്ള മോഡലുകളും ഇന്ത്യന്‍ നിരത്തുകളിലേക്കെത്തും ‘ തകാഷി നകാജിമ പറഞ്ഞു. ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന ആറു മോഡലുകളില്‍ മൂന്നാമതായാണ് ഇവി എത്തുക. 0 ആല്‍ഫ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക്ക് എസ്‌യുവിയായിരിക്കും ഇത്. ഈ വൈദ്യുത എസ് യുവിയുടെ റോഡിലെ പരീക്ഷണ ഓട്ടങ്ങള്‍ ഇതിനകം തന്നെ ഹോണ്ട ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന ഈ വാഹനം വിദേശ വിപണികളികളിലേക്ക് കയറ്റുമതി ചെയ്യാനും ഹോണ്ടക്ക് പദ്ധതിയുണ്ട്. ഇവക്ക് പുറമേ സ്‌പോര്‍ട്ടി ലുക്കിലുള്ള പ്രെലൂഡ് ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറും ഇന്ത്യയിലെത്തിക്കാന്‍ ഹോണ്ട ആലോചിക്കുന്നുണ്ട്. ഹോണ്ടയുടെ സാങ്കേതിക മികവ് ഇന്ത്യയില്‍ അവതരിപ്പിക്കാനാവുന്ന ഹാലോ മോഡല്‍ ആയിട്ടാവും പ്രെലൂഡ് വിപണിയിലെത്തിക്കുക. ഈ സാമ്പത്തികവര്‍ഷം പുറത്തിറക്കുന്ന ആറ് മോഡലുകള്‍ക്ക് പുറമെ ഇന്ത്യന്‍ വിപണിക്കായി ഒരു കോംപാക്ട് എസ്‌യുവിയും മിഡ് സൈസ് എസ്‌യുവിയും ഹോണ്ട ഒരുക്കുന്നുണ്ട്. 2028ഓടെയായിരിക്കും ഈ രണ്ട് എസ് യുവികളും ഇന്ത്യന്‍ നിരത്തുകളിലെത്തുക. ZR-V യുടെ വരവ് പ്രീമിയം കാര്‍ വിപണിയില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പരം അളക്കാനുള്ള പരീക്ഷണം കൂടിയായി കരുതപ്പെടുന്നു. ZR-V വിജയിച്ചാല്‍ രാജ്യാന്തര വിപണിയിലെ പല വലിയ മോഡലുകളും ഇന്ത്യയിലേക്കെത്തിക്കുന്നതിനെക്കുറിച്ച് ഹോണ്ട ആലോചിക്കുമെന്ന് തകാഷി നകാജിമ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്തു നിന്നും ഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന(CKD) രീതി വീണ്ടും തുടങ്ങുന്നതിനെക്കുറിച്ചും ഹോണ്ട ഗൗരവമായി ആലോചിക്കുന്നുണ്ട്. 


Source link

Back to top button