BUSINESS
സ്വർണവിലയെ വീഴ്ത്തി വീണ്ടും യുദ്ധപ്പേടി; ഇറാൻ-യുഎസ് ഡീൽ തുലാസിൽ, വില കൂടുതൽ ഇടിവിലേക്കോ?

സ്വർണവില ഇന്ന് കേരളത്തിൽ ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,395 രൂപയിൽ എത്തി. 440 രൂപ കുറഞ്ഞ് 1,15,160 രൂപയാണ് പവൻ വില. ഇറാനും യുഎസും തമ്മിൽ രണ്ടുമാസത്തേക്ക് വെടിനിർത്തൽ കരാറിലെത്തുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇന്നലെ രാജ്യാന്തര, ആഭ്യന്തര വിലകൾ ഉയർന്നിരുന്നു.എന്നാൽ, ഡീൽ സംബന്ധിച്ച അന്തിമ തീരുമാനം യുഎസ് പ്രസിഡന്റ് ട്രംപ് വൈകിപ്പിക്കുന്നതും ഡീലിന്മേൽ അന്തിമധാരണ ആയിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയതും വീണ്ടും ആശങ്ക ഉയർത്തുന്നു. വെടിനിർത്തൽ ഉണ്ടായേക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് ക്രൂഡോയിൽ വില താഴുകയും ഡോളർ ദുർബലമാവുകയും ചെയ്തതാണ് ഇന്നലെ സ്വർണത്തിന് കരുത്തായത്.രാജ്യാന്തര സ്വർണവില ഇന്നലെ ഔൺസിന് 4,593 ഡോളർ വരെ ഉയർന്നിരുന്നു. എന്നാൽ ഡീൽ തുലാസിലായതോടെ ക്രൂഡോയിൽ വീണ്ടും ഉയർന്നേക്കാമെന്ന ഭീതി ശക്തമായി. എണ്ണവില കൂടുന്നത് ഡോളറിനും കരുത്താകും. ഈ നിരീക്ഷണങ്ങളെ തുടർന്ന് സ്വർണവില 4489 ഡോളറിലേക്ക് താഴ്ന്നു. പിന്നീട് 4539ലേക്ക് നില മെച്ചപ്പെടുത്തി.രാജ്യാന്തര വിലയിലുണ്ടായ ചാഞ്ചാട്ടമാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. രാജ്യാന്തരവില 4489 ഡോളറിൽ നിന്ന് 4539ലേക്ക് കരകയറ്റം നടത്തിയില്ലായിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ വില കൂടുതൽ ഇടിയുമായിരുന്നു.ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഇന്നു ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,895 രൂപയായി. വെള്ളിവില ഗ്രാമിന് 280 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഗ്രാമിന് 45 രൂപ കുറച്ച് 11,830 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നിശ്ചയിച്ചത്. വെള്ളിക്ക് ഇവർ ഈടാക്കുന്ന വില ഗ്രാമിന് 285 രൂപ.
Source link


