NEWS
നാനോയെ പുറത്താക്കിയ സിംഗൂരിലേക്ക് ടാറ്റ തിരിച്ചുവരുമോ?; ബിജെപിയുടെ ‘പ്രായശ്ചിത്ത’ നീക്കം?

കൊൽക്കത്ത∙ ഹൂഗ്ലിയിലെ സിംഗൂരിലേക്ക് ടാറ്റാ ഗ്രൂപ്പ് തിരിച്ചുവരണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യ. സിംഗൂരിന്റെ രാഷ്ട്രീയ-വ്യാവസായിക പാരമ്പര്യം പുനർനിർമിക്കാൻ ലക്ഷ്യമിട്ടാണ് പ്രതികരണം. ഇത് സാമ്പത്തിക ആവശ്യകത മാത്രമല്ല, സംസ്ഥാനം വീണ്ടും വ്യവസായത്തിനു തുറന്നിരിക്കുന്നു എന്ന ശക്തമായ സന്ദേശം കൂടിയാണു നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ, സംസ്ഥാനത്ത് ബിജെപി സർക്കാരിന്റെ വ്യാവസായിക കാഴ്ചപ്പാടിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു ഭട്ടാചാര്യ. രണ്ട് പതിറ്റാണ്ട് മുൻപ് നാനോ കാർ പ്ലാന്റ് സംസ്ഥാനത്തുനിന്നു പുറത്തേക്കു കൊണ്ടുപോകേണ്ടി വന്നതുമൂലം നിക്ഷേപകർക്കു നൽകിയ ‘തെറ്റായ സന്ദേശം’ മായ്ക്കാൻ ടാറ്റയുടെ തിരിച്ചുവരവ് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘ടാറ്റ സിംഗൂരിലേക്കു തിരിച്ചുവരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ബംഗാൾ നിക്ഷേപ സൗഹൃദമാണെന്നും നിക്ഷേപങ്ങളെ സ്വാഗതം ചെയ്യാൻ തയാറാണെന്നും രാജ്യത്തിനും ലോകത്തിനും മുഴുവൻ സന്ദേശം നൽകണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം’’ – ഭട്ടാചാര്യ പറഞ്ഞു. ഇന്ത്യയുടെ വ്യാവസായിക ശക്തികേന്ദ്രമായിരുന്നെങ്കിലും പതിറ്റാണ്ടുകളായി പിന്നോട്ടുപോയ സംസ്ഥാനത്ത് വ്യവസായവൽക്കരണത്തിന്റെ നട്ടെല്ലായി മാറുന്ന പുതിയ ഭൂനയത്തിന് പുതിയ ബിജെപി സർക്കാർ രൂപം നൽകുന്നതിനിടെയാണ് ഈ പരാമർശമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Source link


