NEWS
പ്രോ – റേറ്റ റദ്ദാക്കി; ഉയർന്ന പിഎഫ് പെൻഷനിൽ പഞ്ചാബ് –ഹരിയാന ഹൈക്കോടതി

കോഴിക്കോട് ∙ ഉയർന്ന പിഎഫ് പെൻഷൻ കണക്കാക്കുന്നതിൽ പ്രോ–റേറ്റ (ആനുപാതിക) വ്യവസ്ഥ നടപ്പാക്കിയുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപി എഫ്ഒ) വിവാദ ഉത്തരവുകൾ പഞ്ചാബ്–ഹരിയാന ഹൈക്കോടതി റദ്ദാക്കി. പ്രോ–റേറ്റ പ്രകാരം സേവന കാലാവധിയെ 2014 സെപ്റ്റംബർ ഒന്നിനു മുൻപും അതിനുശേഷവുമായി വിഭജിക്കാതെ, അവസാന 60 മാസത്തെ ശമ്പള ശരാശരി പ്രകാരംതന്നെ മുഴുവൻ പെൻഷനും കണക്കാക്കണമെന്ന് ജസ്റ്റിസ് ഹർപ്രീത് സിങ് ബ്രാറിന്റെ ഉത്തരവിൽ പറയുന്നു. ഇത്തരത്തിൽ പെൻഷൻ പുനർനിർണയിക്കുമ്പോൾ വരുന്ന കുടിശികയ്ക്ക് 8% നിരക്കിൽ പലിശ നൽകണമെന്നും നിർദേശിച്ചു.പെൻഷൻ കണക്കാക്കുന്നതിൽ ഡിഎ, ശമ്പള പരിഷ്കരണ കുടിശികകൾ പരിഗണിക്കണമെന്നത് ഉൾപ്പെടെ പെൻഷൻകാർ ദീർഘകാലമായി കോടതികളിൽ ഉന്നയിക്കുന്ന ഒട്ടേറെ വിഷയങ്ങളിലെ അനുകൂല നിർദേശങ്ങളും വിധിയിലുണ്ട്. ഉയർന്ന പിഎഫ് പെൻഷന് എങ്ങനെ പ്രോ–റേറ്റ ബാധകമാക്കണമെന്നു നിർദേശിച്ച് 2024 ഫെബ്രുവരി 14ന് ഇപിഎഫ്ഒ ഇറക്കിയ സർക്കുലറാണ് കോടതി റദ്ദാക്കിയതിൽ പ്രധാനം. സുരീന്ദർ കുമാർ സിങ് എന്നയാളടക്കം നൂറിലേറെപ്പേരാണ് ഹർജി നൽകിയത്. എന്നാൽ, ഇവർക്കു മാത്രമല്ല എല്ലാവർക്കും ഈ വിധി ബാധകമാണെന്നും ആനുകൂല്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാൻ പെൻഷൻകാരെ നിർബന്ധിതരാക്കരുതെന്നും കോടതി വ്യക്തമാക്കി.
Source link


