NEWS
വട്ടിയൂർക്കാവിൽ ഒഴുക്കിൽപ്പെട്ട് സൈനികൻ മുങ്ങി മരിച്ചു; മൂന്നു പേരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം∙ വട്ടിയൂർക്കാവ് കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട് സൈനികൻ മുങ്ങി മരിച്ചു. ഒപ്പം അപകടത്തിൽപ്പെട്ട മൂന്നു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. പാങ്ങോട് സൈനിക ക്യാംപിലെ സൈനികൻ കോഴിക്കോട് മാവൂർ പെരുവയൽ മേലെ ഇരിപ്പോളിൽ സുജിത്ത് (34) ആണ് മരിച്ചത്. ഒഴുകിൽപ്പെട്ട അഭിജിത്, ജോൺ ബ്രിട്ടോ, ശ്രീഷ് എസ്. നായർ എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ടവർ മുഴുവൻ പാങ്ങോട് സൈനിക ക്യാംപിലെ സൈനികരാണെന്നു പൊലീസ് പറഞ്ഞു.സുജിത്ത് ഉൾപ്പെടെയുള്ളവർ കാവടിക്കടവ് ആറ്റിന് സമീപം ഇരുന്ന് ഭക്ഷണം കഴിച്ചു. ആറ്റിന് അടുത്തേക്ക് പോയ ഒരാൾ ആറ്റിലേക്ക് വീണു. ഇത് കണ്ടു സുജിത്ത് ഉൾപ്പെടെയുള്ളവർ ഇയാളെ രക്ഷിക്കാനായി ആറ്റിലേക്ക് ചാടി. ഇതോടെ 4 പേരും ഒഴുക്കിൽപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ 3 പേരെ രക്ഷിച്ചു. സുജിത്ത് ഒഴുക്കിൽപ്പെട്ടു മുങ്ങി താണു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം എത്തി വ്യാഴാഴ്ച തിരച്ചിൽ നടത്തിയെങ്കിലും വിഫലമായി.
Source link


