NEWS
പൊളിക്കാറായ കെട്ടിടത്തിൽ ലക്ഷങ്ങൾ മുടക്കി ഫയർ ആൻഡ് സേഫ്റ്റി; കെടുകാര്യസ്ഥതപോലും നാണിച്ചുപോകും !

എന്നോ നിർമാണം തുടങ്ങിയ കെട്ടിടങ്ങൾ പാതിവഴിയിൽ, വൈദ്യുതി കിട്ടാത്തതിനാൽ മാത്രം പൂട്ടിക്കിടക്കുന്ന ഓഡിറ്റോറിയവും സ്കാനിങ് ബ്ലോക്കും, പൊളിക്കാറായ കെട്ടിടത്തിൽ ലക്ഷങ്ങൾ മുടക്കി ഫയർ ആൻഡ് സേഫ്റ്റി.. മഞ്ചേരി മെഡിക്കൽ കോളജിന് ഇത്രയൊക്കെ മതിയെന്ന് ആരാണ് തീരുമാനിക്കുന്നത്? മഞ്ചേരി ∙ മെഡിക്കൽ കോളജ് ക്യാംപസിൽ മരാമത്ത് വകുപ്പും കിറ്റ്കോയും നിർമാണം തുടങ്ങിയ കെട്ടിടങ്ങൾ പലതും പാതിവഴിയിലാണ്. എസ്റ്റിമേറ്റ് പുതുക്കൽ, ഭരണാനുമതിയുടെ കാലാവധി അവസാനിച്ചത്, സാങ്കേതിക അനുമതി ഇല്ലാത്തത്, ഫണ്ട് തടസ്സം തുടങ്ങിയ കാരണങ്ങളാൽ പ്രവൃത്തികൾ ഇഴയുന്നു. കലക്ടറും ആരോഗ്യ വകുപ്പ് അധികൃതരും കെട്ടിടം പൂർത്തിയാക്കാൻ നൽകിയ സമയപരിധിക്ക് പുല്ലു വിലയാണ്. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് രോഗികളും. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞു വീണു സ്ത്രീ മരിച്ച സംഭവമുണ്ടായത് കഴിഞ്ഞ ജൂലൈയിൽ. കെട്ടിടത്തിന്റെ കാലപ്പഴക്കം ആയിരുന്നു തകർച്ചയ്ക്ക് കാരണം. മഞ്ചേരിയിൽ 60 വർഷം പഴക്കമുള്ള കെട്ടിടത്തിൽ ഇപ്പോഴും ആശുപത്രി പ്രവർത്തിക്കുന്നു. കെട്ടിടം അൺഫിറ്റ് ആണെന്നു പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) കണ്ടെത്തിയതാണ്. 5 ലക്ഷം രൂപ ചെലവിൽ കെട്ടിടത്തിന്റെ സ്ട്രക്ചറൽ ഓഡിറ്റിങ് നടത്തിയാണ് കെട്ടിടം സുരക്ഷാ ഭീഷണി നേരിടുന്നതായി കണ്ടെത്തിയത്. കെട്ടിടം പൊളിക്കാനുള്ള അന്തിമ തീരുമാനത്തിനു എൻഡിടി (നോൺ ഡിസ്ട്രക്റ്റീവ് ടെസ്റ്റിങ് )പരിശോധനയുടെ ഫലം കാത്തിരിക്കുകയാണ്. ശിശുരോഗ വിഭാഗം ഐസിയു, 38 കിടക്കകളുള്ള ശിശുരോഗ വിഭാഗം വാർഡ്, മാനസികാരോഗ്യ വിഭാഗം വാർഡ്, ശസ്ത്രക്രിയ വാർഡ് തുടങ്ങിയവ ഈ കെട്ടിടത്തിലാണ്. പിഎംആർ ഒപി, കാരുണ്യ ഫാർമസി, മെഡിക്കൽ ബോർഡ് മുറി, എക്സ് റേ യൂണിറ്റ്, സിടി സ്കാനിങ്, ലക്ചറർ ഹാൾ എന്നിവയും ഇവിടെയാണ്.അനാഥമായി ഓഡിറ്റോറിയം ഓഡിറ്റോറിയം കെട്ടിടത്തിന്റെ പണി പൂർത്തിയായിട്ട് 2 വർഷത്തിലേറെ ആയി. 9 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. വൈദ്യുതീകരണം നടക്കാത്തതിനാൽ കുട്ടികൾക്ക് തുറന്നു കൊടുത്തില്ല. വൈദ്യുതീകരണത്തിനു ഉയർന്ന നിരക്കിൽ സഹകരണ സൊസൈറ്റി കരാർ എടുത്തു. കരാറിനു സർക്കാർ അംഗീകാരം ലഭിച്ചില്ല. അതോടെ ടെൻഡർ റദ്ദാക്കി. പുതിയ ടെൻഡർ വിളിക്കാൻ കാത്തു കിടക്കുകയാണ്. 2 വർഷമായി കാടുമൂടി കിടക്കുന്നു. നോക്കുകുത്തിയായ ഓഡിറ്റോറിയത്തിന്റെ മുറ്റത്ത് ലക്ഷങ്ങൾ മുടക്കി വിദ്യാർഥികൾ വാടകയ്ക്ക് പന്തൽ കെട്ടി പരിപാടികൾ നടത്തുന്നു.
Source link


