NEWS
സ്വകാര്യ ഓഡിയോകൾ വിട്ടുകൊടുക്കില്ല; നീതിന്യായ വകുപ്പിനെതിരെ കോടതിയെ സമീപിച്ച് ജോ ബൈഡൻ

വാഷിങ്ടൻ ∙ ഓർമക്കുറിപ്പുകളുമായി ബന്ധപ്പെട്ട പ്രോജക്ടിനായി താൻ നൽകിയ അഭിമുഖങ്ങളുടെ ഓഡിയോ റെക്കോർഡിങ്ങുകളും ട്രാൻസ്ക്രിപ്റ്റുകളും പ്രതിപക്ഷ കൺസർവേറ്റീവ് ഗ്രൂപ്പുകൾക്കും കോൺഗ്രസിലെ റിപ്പബ്ലിക്കൻമാർക്കും കൈമാറുന്നത് തടയാൻ യുഎസ് നീതിന്യായ വകുപ്പിനെതിരെ നിയമപോരാട്ടവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഒരു മുൻ യുഎസ് പ്രസിഡന്റ് തന്റെ പിൻഗാമിയുടെ ഭരണകൂടത്തിനെതിരെ നേരിട്ട് നിയമനടപടി സ്വീകരിക്കുന്ന അത്യപൂർവ്വമായ നീക്കമാണിത്.വരാനിരിക്കുന്ന ജൂൺ 15ന് വിവരങ്ങൾ പുറത്തുവിടാൻ നിശ്ചയിച്ചിരുന്ന സാഹചര്യത്തിലാണ്, അത് തടയണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ബൈഡൻ സ്വന്തം നിലയിൽ കോടതിയെ സമീപിച്ചത്. ഔദ്യോഗിക രേഖകൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ബൈഡനെതിരെ നടന്ന പ്രത്യേക അന്വേഷണത്തിന്റെ ഭാഗമായാണ് റെക്കോർഡിങ്ങുകൾ മുൻപ് നീതിന്യായ വകുപ്പ് ശേഖരിച്ചത്. എന്നാൽ ആ അന്വേഷണത്തിൽ ബൈഡനെതിരെ കുറ്റങ്ങളൊന്നും ചുമത്തിയിരുന്നില്ല. ബൈഡനും അദ്ദേഹത്തിന്റെ സഹ എഴുത്തുകാരനും ചേർന്ന് 2017ൽ പുറത്തിറക്കിയ ഓർമക്കുറിപ്പുകളുടെ തയ്യാറെടുപ്പിനായാണ് ഈ അഭിമുഖങ്ങൾ ഉപയോഗിച്ചിരുന്നത്. മുൻപ് ബൈഡൻ ഭരണകൂടത്തിനു കീഴിലായിരുന്ന സമയത്ത് ഈ വിവരങ്ങൾ പുറത്തുവിടുന്നതിനെ നീതിന്യായ വകുപ്പ് എതിർത്തിരുന്നു.
Source link


