NEWS
ചരക്കു നീക്കത്തിന് സജ്ജമായി വിഴിഞ്ഞം തുറമുഖ റോഡ്; ജൂണിൽ ചരക്കു ഗതാഗതത്തിനു തുറന്നേക്കും

വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖ റോഡ് കഴക്കൂട്ടം– കാരോട് ബൈപാസുമായി ബന്ധിപ്പിച്ച പാത അടുത്ത മാസം ആദ്യം ചരക്കു ഗതാഗതത്തിനു തുറന്നേക്കും. പാത തുറന്നാൽ തുറമുഖത്തു നിന്നു കര മാർഗം കണ്ടെയ്നർ നീക്കം സാധ്യമാകും. പാത ചരക്കു നീക്കത്തിന് സജ്ജമാണെന്ന് കാട്ടി തുടർ നടപടികൾക്കായി തുറമുഖ അധികൃതർ സർക്കാരിന് കത്തു നൽകി. തുറമുഖത്തു നിന്നു ബൈപാസ് വഴിയുള്ള ഗതാഗതത്തിനു ദേശീയ പാത അതോറിറ്റിയുടെ അനുമതി ആവശ്യമുണ്ട്. ഇതു ലഭ്യമാക്കി തുടർ നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരാണ് എന്ന നിലയ്ക്കാണ് സർക്കാരിനെ അറിയിച്ചതെന്ന് തുറമുഖ അധികൃതർ പറഞ്ഞു. അനുമതി ലഭ്യമായാൽ സമയ ലഭ്യതയനുസരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ പുതിയ പാതയുടെയും കര മാർഗം ഉള്ള ചരക്കുനീക്കത്തിന്റെയും ഉദ്ഘാടനം ജൂൺ ആദ്യവാരം നിർവഹിക്കും എന്നാണ് വിവരം. കര മാർഗമുള്ള ചരക്കു നീക്കത്തിന് കസ്റ്റംസ് അനുമതി ലഭ്യമായെന്നു തുറമുഖ അധികൃതർ പറഞ്ഞു. ആദ്യഘട്ടത്തിൽ തലസ്ഥാന ദിശയിലേക്കു ബന്ധിപ്പിച്ച പാതയാണ് ഗതാഗതത്തിനു തുറക്കുന്നത്. തമിഴ്നാട് ഭാഗത്തേക്ക് പോകേണ്ട കണ്ടെയ്നർ വഹിച്ച ട്രക്കുകൾ മുന്നോട്ടു പോയി മറുവശത്തെ പാതയിലേക്ക് പ്രവേശിക്കുന്ന വിധത്തിലാവും താൽക്കാലിക ഗതാഗത ക്രമീകരണം.
Source link


