NATIIONAL
ഫീൽഡിങ്ങിനിടെ ഹൃദയാഘാതം; അകാലത്തിൽ വിടവാങ്ങി 39കാരനായ മുൻ രഞ്ജി ക്രിക്കറ്റ് താരം

ബെംഗളൂരു∙ മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ക്രിക്കറ്റ് താരം അന്തരിച്ചു. കർണാടക മുൻ രഞ്ജി ക്രിക്കറ്റ് താരം എസ്.എൽ.അക്ഷയ് (39) ആണ് മരിച്ചത്. ഞായറാഴ്ച ബെംഗളൂരു കെആർ പുരത്ത് ലോക്കൽ ഡിവിഷൻ ക്രിക്കറ്റ് മത്സരം കളിക്കുന്നതിനിടെയാണ് അക്ഷയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഫീൽഡ് ചെയ്യുന്നതിനിടെ താരത്തിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദൊഡ്ഡ ഗണേഷ് എക്സിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ചു. ‘‘ക്രിക്കറ്റ് സമൂഹത്തിന് ദുഃഖകരമായ വാർത്ത. അണ്ടർ-19 ദിനങ്ങൾ മുതൽ ഞാൻ വളരെ അടുത്തുനിന്ന് കണ്ടിട്ടുള്ള 39 വയസ്സുകാരനായ പേസർ എസ്.എൽ.അക്ഷയ് ഇന്ന് ഒരു ഡിവിഷൻ മത്സരം കളിക്കുന്നതിനിടെ അന്തരിച്ചു. എന്റെ ദുഃഖം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. 2011/12 ൽ നല്ല വിജയത്തോടെ കർണാടകയ്ക്ക് വേണ്ടി കളിച്ച ശാന്തനായ ഒരു വ്യക്തി ഇനിയില്ല. ആദരാഞ്ജലികൾ അക്ഷയ്.’’– ദൊഡ്ഡ ഗണേഷ് കുറിച്ചു,‘‘ഫസ്റ്റ് ക്ലാസ് തലത്തിൽ കർണാടകയെ അക്ഷയ് മികച്ച രീതിയിൽ പ്രതിനിധീകരിച്ചു. കരിയറിന് ശേഷവും അദ്ദേഹം അചഞ്ചലമായ അഭിനിവേശത്തോടെയും സമർപ്പണത്തോടെയും ക്രിക്കറ്റിനെ സേവിക്കുന്നത് തുടർന്നു. ഒരു ജൂനിയർ ലെവൽ കോച്ച് എന്ന നിലയിൽ, യുവ ക്രിക്കറ്റ് കളിക്കാരെ വളർത്തിയെടുക്കുന്നതിലും അവർക്ക് മാർഗനിർദ്ദേശം നൽകുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു, ഇത് സംസ്ഥാനത്തെ ക്രിക്കറ്റ് പ്രതിഭകളുടെ വികസനത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തി.’’– കെഎസ്സിഎ ഒരു പ്രസ്താവനയിൽ പറഞ്ഞു.
Source link


