NATIIONAL

കീപ്പിങ്ങിനിടെ പരുക്ക്, ബാറ്റിങ്ങിനിറങ്ങിയ സഞ്ജു ‘ഗോൾഡൻ ഡക്ക്’; ആ നാഴികക്കല്ല് നഷ്ടമായി, പക്ഷേ സീസണിൽ ഈ നേട്ടമുള്ള ഏക താരം


അഹമ്മദാബാദ് ∙ ഐപിഎൽ സീസണിൽ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മലയാളി താരം സഞ്ജു സാംസണ് കടുത്ത തിരിച്ചടി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിക്കറ്റ് കീപ്പിങ്ങിനിടെ കൈവിരലിന് പരുക്കേറ്റ സഞ്ജുവിന്, ബാറ്റിങ്ങിൽ നേരിട്ട ആദ്യ പന്തിൽ തന്നെ റണ്ണൊന്നുമെടുക്കാതെ പുറത്താകേണ്ടി വന്നു. മത്സരത്തിൽ 89 റൺസിന്റെ ദയനീയ തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. ഇതോടെ 2023ൽ കിരീടം നേടിയ ശേഷം തുടർച്ചയായ മൂന്നാം സീസണിലും പ്ലേഓഫിൽ കടക്കാതെ ചെന്നൈ പുറത്തായി. ഇതാദ്യമായാണ് ചെന്നൈ തുടർച്ചയായ മൂന്നു സീസണുകളിൽ പ്ലേഓഫിൽ കടക്കാതിരിക്കുന്നത്.ഗുജറാത്ത് ഉയർത്തിയ 230 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈക്കായി പരുക്ക് വകവയ്ക്കാതെ സഞ്ജു ഓപ്പണറായി ബാറ്റിങ്ങിനിറങ്ങി. എന്നാൽ ആരാധകരെ നിരാശരാക്കിക്കൊണ്ട് മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് പിഴച്ചു. എഡ്ജായ പന്ത് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറുടെ കൈകളിൽ ഒതുങ്ങിയതോടെ സംപൂജ്യനായി താരം പുറത്തായി. 14 വർഷം നീണ്ട ഐപിഎൽ കരിയറിൽ മൂന്നാം തവണ മാത്രമാണ് സഞ്ജു ഗോൾഡൻ ഡക്കാകുന്നത്. 2017ൽ മുംബൈ ഇന്ത്യൻസിനെതിരെയും 2018ൽ ആർസിബിക്കെതിരെയുമാണ് ഇതിനു മുൻപ് സഞ്ജു ഗോൾഡൻ ഡക്കായത്. എട്ടു വർഷത്തിനു ശേഷമാണ് വീണ്ടും നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങുന്നത്.∙ ധോണിയെ മറികടന്ന സഞ്ജു പക്ഷേ ഈ സീസണിൽ രണ്ടു തകർപ്പൻ സെഞ്ചറികൾ നേടിയും മൂന്നു തവണ പ്ലെയർ ഓഫ് ദ് മാച്ചായും സഞ്ജു മിന്നി. ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്കെതിരെയായിരുന്നു സഞ്ജുവിന്റെ സെഞ്ചറി. ഈ രണ്ടു മത്സരങ്ങളിൽ പ്ലെയർ ഓഫ് ദ് മാച്ചായ സഞ്ജു, ‍ഡൽഹിക്കെതിരെ രണ്ടാം മത്സരത്തിൽ അർധസെഞ്ചറി നേടി ടീമിനെ വിജയത്തിലെത്തിച്ചു. ഇതോടെ കളിയിലെ താരവുമായി. ഈ സീസണിൽ മൂന്നു പ്ലെയർ ഓഫ് മാച്ച് പുരസ്കാരം നേടിയ ഏക താരമാണ് സഞ്ജു.


Source link

Back to top button