test del 5 copy of del 3

അരമണിക്കൂർ മഴ പെയ്താൽ ദേശീയപാതയിലെ പല മേഖലകളും വെള്ളക്കെട്ടിൽ മുങ്ങും; ഇത് ദേശീയ‘ മഴപ്പാത’യോ?


കൊല്ലം∙ അരമണിക്കൂറിലെ വേനൽ മഴയിൽ ജില്ലയിലെ ദേശീയപാതയിലെ പല മേഖലകളും വെള്ളക്കെട്ടിൽ മുങ്ങും. ഇതിനെ നിർമാണ പിഴവെന്നോ, അശാസ്ത്രീയ നിർമിതിയെന്നാണോ വിളിക്കേണ്ടത്? ജില്ലയിലെ ദേശീയപാത ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെയും ഇതാണ് അവസ്ഥ. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ ചാത്തന്നൂർ, പാരിപ്പള്ളി, കല്ലുവാതുക്കൽ ഭാഗത്തുണ്ടായ വെള്ളക്കെട്ടിനു കാരണം അശാസ്ത്രീയ നിർമിതിയെന്നാണ് വിലയിരുത്തൽ. എല്ലായിടത്തും പ്രശ്നം സമാനമാണ്. നേരത്തേ ദേശീയപാതയുടെ കിഴക്ക് ഭാഗത്ത് പെയ്യുന്ന മഴ വെള്ളം കലുങ്കുകളിലൂടെ പടിഞ്ഞാറേക്ക് ഒഴുകുമായിരുന്നു. എന്നാൽ, ദേശീയപാത വികസനത്തിന്റെ ഭാഗമായി പഴയ കലുങ്കുകൾ എടുത്തുകളഞ്ഞതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. പഴയ കലുങ്കുകൾക്ക് പകരമായി പുതിയതായി സ്ഥാപിച്ച കൃത്രിമ ഓടകൾ കലുങ്കിനെപ്പോലെ പ്രളയജലത്തെ കടത്തി വിടുന്നില്ല. അതോടെ ദേശീയപാതയുടെ കിഴക്കുഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടും. കാവനാട് മുതൽ മേവറം വരെയുള്ള റോഡ് ഭാഗികമായി അടച്ചതിനാൽ ബൈപ്പാസിന്റെ അവസ്ഥ നേരിട്ടറിയാൻ സാധിച്ചില്ലെങ്കിലും ആ ഭാഗത്തും വെള്ളക്കെട്ടിനുള്ള സാധ്യതയുണ്ടെന്നാണ് ഈ മേഖലയിൽ താമസിക്കുന്നവർ പറയുന്നത്. ദേശീയപാത വികസനം പൂർത്തിയായ സ്ഥലങ്ങളിൽ ഉൾപ്പെടെ നിർമാണത്തിനു ശേഷം കാര്യമായ മഴ പെയ്തിട്ടില്ല. കാലവർഷം എത്തുമ്പോൾ എന്താവുമെന്ന ആശങ്കയേറെയാണ്. സർവീസ് റോഡ് വെള്ളത്തിലാകുമോ ? ജംക്‌ഷനുകളിലെ പാലങ്ങളുടെയും അടിപ്പാതയുടെയും മുകളിൽ വീഴുന്ന വെള്ളം ഒഴുകി എത്തുന്നത് സർവീസ് റോഡിലേക്കാണ്. മുകളിൽ വീഴുന്ന ജലം ഒഴുകി ആർഇ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന പിവിസി പൈപ്പിലൂടെയാണ് വെള്ളം സർവീസ് റോഡിൽ എത്തുന്നത്. പിവിസി പൈപ്പിലൂടെ എത്തുന്ന വെള്ളം ഓടകളിൽ എത്തിക്കാൻ സാധിച്ചില്ലെങ്കിൽ സർവീസ് റോഡുകളിൽ വെള്ളക്കെട്ടുണ്ടാകുമെന്നും വൻ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും വിലയിരുത്തുന്നു. വെള്ളക്കെട്ട് മാറ്റാൻ സർവീസ് റോഡ് കുഴിച്ച് പുതിയ പൈപ്പുകൾ ഘടിപ്പിക്കേണ്ടി വരും. എന്നാൽ, അതിനു സാധ്യതയില്ലെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ നൽകുന്ന സൂചന. തോടുകൾ നവീകരിച്ചില്ല ‌ദേശീയപാതയ്ക്കു കുറുകെ കടന്നുപോകുന്ന തോടുകളുടെ നിർമാണം പൂർത്തിയായില്ലെന്ന് ആക്ഷേപം. ചവറ, കരുനാഗപ്പള്ളി, ഓച്ചിറ മേഖലകളിൽ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന ജലം റോഡിനടിയിലൂടെ കടന്നുപോകുന്ന തോടു വഴി ടിഎസ് കനാലിലാണ് എത്തുന്നത്. ചവറ ജംക്‌ഷൻ, ആക്കാടി ജംക്‌ഷൻ, പനംതോടിൽ ജംക്‌ഷൻ, തട്ടാശ്ശേരി, നല്ലേഴുത്ത് ജംക്‌ഷൻ തുടങ്ങിയ മേഖലകളിലാണ് ദേശീയപാതയ്ക്ക് അടിയിലൂടെ തോടുകൾ കടന്നുപോകുന്നത്. ഇതിൽ ഒരെണ്ണം മാത്രമാണ് പൂർണമായും പൂർത്തീകരിച്ചത്. ഓച്ചിറ മുതൽ വവ്വാക്കാവു വരെ മുൻപ് 13 വലിയ കലുങ്കിന്റെ സ്ഥാനത്ത് ഇപ്പോൾ എട്ട് ചെറിയ ഓടകളാണ് നിർമിച്ചിട്ടുള്ളത്. കെഎംഎംഎൽ ഫാക്ടറിയുടെ വശത്ത് കൂടിയുണ്ടായിരുന്ന തോട് സർവീസ് റോഡ് വന്നതോടെ ഇല്ലാതായി.


Source link

Back to top button