NEWS
വിജയിനെ വിമർശിച്ച പിസിസി അധ്യക്ഷൻ തെറിച്ചു; തമിഴ്നാട് കോൺഗ്രസിനെ മാണിക്കം ടാഗോർ നയിക്കും

ചെന്നൈ ∙ ലോക്സഭയിലെ കോൺഗ്രസ് വിപ്പ് ബി. മാണിക്കം ടാഗോറിനെ തമിഴ്നാട് പിസിസി അധ്യക്ഷനായി നിയമിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ വിജയിന്റെ നേതൃത്വത്തിലുള്ള ടിവികെയുമായി സഖ്യമുണ്ടാക്കണമെന്ന് ആദ്യം പരസ്യമായി ആവശ്യപ്പെട്ട നേതാക്കളിൽ ഒരാളാണ് മാണിക്കം ടാഗോർ. നിലവിലെ അധ്യക്ഷൻ കെ. സെൽവപ്പെരുന്തഗൈയുടെ പ്രവർത്തനങ്ങളിൽ തമിഴ്നാട്ടിലെ ഒരു വിഭാഗം നേതാക്കളും ഹൈക്കമാൻഡും അതൃപ്തി രേഖപ്പെടുത്തിയതിനെ തുടർന്നാണ് അടിയന്തര മാറ്റം. ഡിഎംകെയുമായുള്ള സഖ്യം അവസാനിപ്പിച്ച് ടിവികെ നേതൃത്വം നൽകുന്ന മുന്നണിയിൽ ചേരണമെന്ന് മാണിക്കം ടാഗോറും അനുകൂലികളും ശക്തമായി വാദിച്ചപ്പോൾ, സഖ്യം തുടരണമെന്ന നിലപാടിലായിരുന്നു സെൽവപ്പെരുന്തഗൈ. കൂടുതൽ സീറ്റുകൾ വേണമെന്നും ഭരണത്തിൽ പങ്കാളിത്തം ഉറപ്പാക്കണമെന്നും മാണിക്കം പരസ്യമായി ആവശ്യപ്പെട്ടത് ഡിഎംകെ നേതൃത്വവുമായി വലിയ അസ്വാരസ്യങ്ങൾക്ക് കാരണമായിരുന്നു. വിരുതുനഗറിൽ നിന്ന് മൂന്നാം തവണയും എംപിയായ മാണിക്കം ടാഗോർ, രാഹുൽ ഗാന്ധിയുമായി അടുത്ത വ്യക്തിബന്ധം പുലർത്തുന്ന നേതാവാണ്.
Source link


