test del 5 copy of del 3

33 കിലോമീറ്റർ ദൂരം താണ്ടണമെങ്കിൽ 215 രൂപ ടോൾ കൊടുത്താൽ മാത്രം പോരാ; ആയുസ്സിനു ബലം കൂടി വേണം !


തൃശൂർ ∙ 33 കിലോമീറ്റർ ദൂരം താണ്ടണമെങ്കിൽ 215 രൂപ ടോൾ കൊടുത്താൽ മാത്രം പോരാ, ആയുസ്സിനു ബലം കൂടി വേണം. ദേശീയപാത 544ൽ പാലിയേക്കരയിലെയും പന്നിയങ്കരയിലെയും ടോൾപ്ലാസകൾക്കിടയിൽ യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്നതു മരണക്കെണികളാണ്. കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം 3 പേരുടെ ജീവൻ പൊലിഞ്ഞു. തെരുവുവിളക്കുകളില്ലാതെ ഇരുളടഞ്ഞ മേഖലകൾ, കാൽനട യാത്രക്കാരെ നിരന്തരം അപായപ്പെടുത്തുന്ന ഇടങ്ങൾ, അപകട മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം, റോഡ് പണി നടക്കുന്നയിടങ്ങളിലെ അശാസ്ത്രീയ ഗതാഗത ക്രമീകരണങ്ങൾ എന്നിങ്ങനെ ഒട്ടേറെ മരണക്കെണികൾ ഈ മേഖലയിൽ യാത്രക്കാരെ കാത്തിരിക്കുന്നു. ഒരു വണ്ടിയും സേഫ് അല്ല അപകടങ്ങളൊഴിവാക്കാനാണു മേൽപാലം നിർമിക്കുന്നതെങ്കിലും മണ്ണുത്തിയിലെ മേൽപാലത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ട്. മഴക്കാലത്തു സ്വിമ്മിങ് പൂളിലെന്നതു പോലെ പാലത്തിനു മുകളിൽ വെള്ളം കെട്ടിനിൽക്കും. ഇരുചക്ര വാഹനക്കാരുടെയും താഴത്തെ സർവീസ് റോഡുകളിലെ യാത്രക്കാരുടെയും കാര്യം കട്ടപ്പുക. മഴ പെയുന്ന സമയത്താണെങ്കിൽ പാലത്തിനു മുകളിൽ വേഗമൽപം കൂടിപ്പോയാൽ വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിയും. അടുത്തിടെ മണ്ണുത്തി മേൽപാലത്തിനു മുകളിലുണ്ടായ ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ രാജ്യം മുഴുവൻ സമൂഹമാധ്യമ ചർച്ചയായി. കോടികൾ വിലമതിക്കുന്ന ആഡംബരക്കാർ ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിടുന്ന പട്ടിക്കാട് പട്ടിക്കാട് മേൽപാലത്തിന്റെ പരിസരത്തു വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടങ്ങൾ ഉണ്ടാകുന്നതു പുതിയ കാര്യമല്ല. ദേശീയപാതയോരുത്ത് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അമിതവേഗവുമൊക്കെ ഇവിടെ അപകടങ്ങൾക്കു വഴിയൊരുക്കുന്നു. പുതുതായി ടാറിങ് നടത്തിയതിനു ശേഷം റിഫ്ലക്ടറുകളോ ലൈൻ മാർക്കിങ്ങോ നടത്താത്തതു കാരണം വാഹനങ്ങൾ ഒറ്റവരയിൽ നിരന്നുപോകുന്ന അവസ്ഥയാണ്. ഇതര സംസ്ഥാന ലോറികളടക്കം ഹെവി വാഹനങ്ങളൊന്നും ലൈൻ ട്രാഫിക് പാലിക്കുന്നതേയില്ല. റോഡിന്റെ വലത്തേയറ്റത്തെ സ്പീഡ് ട്രാക്കിലൂടെ 40 കിലോമീറ്റർ വേഗത്തിൽ ലോറികൾ നിരനിരയായി ഇഴഞ്ഞു നീങ്ങുന്നതു വാഹനക്കുരുക്കിനും വഴിയൊരുക്കുന്നു. ഇൻഡിക്കേറ്റർ ഉപയോഗിക്കാതെ ഇവർ തോന്നുംപടി ട്രാക്ക് മാറ്റുന്നതും അപകടങ്ങൾക്കു കാരണമാണ്.


Source link

Back to top button