test del 4 copy of del 3
‘എല്ലിന് പൊട്ടൽ; അധ്യാപികയ്ക്ക് 10 ദിവസത്തിനുള്ളിൽ സർജറി വേണം, കത്രികകൊണ്ട് വിദ്യാർഥി മറ്റൊരു കുട്ടിയെയും ആക്രമിച്ചു

കോട്ടയം∙ മാലദ്വീപിലെ സ്കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ ചെങ്ങന്നൂർ സ്വദേശിയായ അധ്യാപിക സ്‍മിത എൻ.പിള്ളയ്ക്കു ഗുരുതര പരുക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിഷയം ഒതുക്കിത്തീർക്കാനാണ് സ്കൂൾ അധികൃതർ ശ്രമിച്ചതെന്നും അധ്യാപികയ്ക്കു 10 ദിവസത്തിനുള്ളിൽ സർജറി വേണമെന്നും ഭർത്താവ് ദീപക് ശശി പറഞ്ഞു. സംഭവം നടന്നു മൂന്നുദിവസമായിട്ടും സ്കൂളിൽ നിന്നോ മാലദ്വീപ് മിനിസ്ട്രി ഓഫ് എജ്യുക്കേഷന്റെ ഭാഗത്തുനിന്നോ അറിയിപ്പെന്നും ലഭിച്ചിട്ടില്ലെന്നും ദീപക് മനോരമ ഓൺലൈനോട് പറഞ്ഞു.ഏപ്രിൽ 12 നായിരുന്നു സംഭവം. സ്മിതയായിരുന്നു കംപ്യൂട്ടർ ലാബിന്റെ ഇൻ ചാർജ്. എട്ടാം ക്ലാസുകാരുടെ ലാബ് പീരിയഡിൽ കുട്ടികളിലൊരാൾ കംപ്യൂട്ടറിൽ ഗെയിം കളിച്ചു. കുട്ടിയെ വിലക്കിയെങ്കിലും വീണ്ടും ആവർത്തിച്ചു. സംഭവം പ്രിൻസിപ്പലിനെ അറിയിക്കുന്നതിനായി ദൃശ്യം പകർത്താൻ സ്‌മിത മൊബൈൽ ഫോൺ എടുത്തു. ഈ സമയം വിദ്യാർഥി ഫോൺ പിടിച്ചു വാങ്ങി സ്മിതയുടെ മുഖത്ത് ആറുതവണയോളം ഇടിക്കുകയായിരുന്നു. ബോധരഹിതയായി വീണ സ്മിതയെ മറ്റ് അധ്യാപകർ ആംബുലൻസിൽ അവിടുത്തെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. അവിടെ എക്സറേ, സിടി സ്കാൻ സൗകര്യങ്ങളില്ലാത്തതിനാൽ തിനതു ഐലൻഡിലെ ആശുപത്രിയിലേക്ക് മാറ്റി. എക്സറേയിൽ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു. സിടി സ്കാനിൽ എല്ലിന്റെ സ്ഥാനം മാറിക്കിടക്കുകയാണെന്നും 10 ദിവസത്തിനുള്ളിൽ സർജറി വേണമെന്നും ഡോക്‌ടർ അറിയിച്ചു. എന്നാൽ അതിനുള്ള സൗകര്യം മാലദ്വീപിൽ ഇല്ലെന്നും ഇന്ത്യയിൽ ചെയ്യുകയായിരിക്കും നല്ലതെന്നുമാണ് അവിടെനിന്ന് കിട്ടിയ അറിയിപ്പെന്നു ദീപക് പറഞ്ഞു .വിഷയം ഒതുക്കി തീർക്കാനാണ് ഗഫ് ധാൽ അടോൾ സ്കൂള്‍ അധികൃതർ ശ്രമിച്ചതെന്ന് ദീപക് പറഞ്ഞു. ആശുപത്രിയിൽ സ്മിതയ്ക്കൊപ്പം പോയ അധ്യാപകരോട് അവിടത്തെ മറ്റൊരു സ്കൂളിലെ പ്രിൻസിപ്പലിന് സ്മിതയെ കൈമാറാനും അവർ നാട്ടിലേക്ക് കയറ്റിവിട്ടുകൊള്ളുമെന്നാണു ഗഫ് ധാൽ അടോൾ സ്കൂൾ നിർദേശിച്ചതെന്നു ദീപക് ആരോപിച്ചു. എന്നാൽ ഇത് എതിർത്ത അധ്യാപകര്‍ മാലദ്വീപിലെ ഹൈക്കമ്മീഷണറെ അറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. സുരേഷ് ഗോപി എംപിയെ വിവരം അറിയിച്ചതായും അദ്ദേഹം അവിടുത്തെ ഹൈക്കമ്മിഷനുമായി സംസാരിച്ചെന്നും ദീപക് പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപി വിദേശകാര്യ മന്ത്രി ജയശങ്കറിന് ഇതുംസബന്ധിച്ച് കത്ത് അയച്ചതായും ദീപക് കൂട്ടിച്ചേർത്തു. ആശുപത്രിയിൽ നിന്നു വന്നതിനു പിന്നാലെ പരാതി നൽകിയ ശേഷം നാട്ടിലേക്ക് പോകാനാണു ഹൈക്കമ്മിഷൻ ഓഫിസിൽ നിന്നുള്ള അറിയിപ്പ്.
Source link


