test del 5 copy of del 3
3 പേരുടെ അപകട മരണം; രാവിലെ വീട്ടിൽനിന്നു പുറപ്പെട്ടവർ മരിച്ചെന്ന വാർത്ത ഉൾക്കൊള്ളാനാവാതെ നാട്ടുകാർ

ബേപ്പൂർ ∙ ഗുണ്ടൽപേട്ടിലെ അപകടത്തിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ചതിന്റെ നടുക്കത്തിലാണു നടുവട്ടം നിവാസികൾ. രാവിലെ വീട്ടിൽനിന്നു പുറപ്പെട്ട സഹോദരങ്ങൾ ഉൾപ്പെടെയുള്ളവർ മരിച്ചെന്ന വാർത്ത നാട്ടുകാർക്ക് ഉൾക്കൊള്ളാനായില്ല. ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ നടുവട്ടം പുഞ്ചപ്പാടം റോഡിൽ അസ്മാസിൽ പി.കെ.മുഹമ്മദ് അജീർ (37), സഹോദരി ആയിഷ നൂറി (40), സഹോദരീപുത്രി നുഹ മുബാറക്ക് (18) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഗുണ്ടൽപേട്ട് ദേശീയപാതയിൽ ഇവർ സഞ്ചരിച്ച കാറിൽ അതിവേഗത്തിൽ എതിരെ വന്ന ടോറസ് ലോറി ഇടിച്ചാണ് അപകടം. അജീറും ആയിഷ നൂറിയും സംഭവസ്ഥലത്തും നുഹ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണു മരിച്ചത്. ബെംഗളൂരു ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ ജീവനക്കാരനായ മുഹമ്മദ് അജീർ 10 വർഷമായി വിദ്യാരണ്യപുര ആദിത്യനഗറിലാണു കുടുംബസമേതം താമസം.അരക്കിണർ ഗോവിന്ദവിലാസ് സ്കൂളിനു സമീപം ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുക്കാൻ 10നാണ് ഇവർ ബെംഗളൂരുവിൽ നിന്നെത്തിയത്. ചടങ്ങിനു ശേഷം ചൊവ്വാഴ്ച രാവിലെ പുറപ്പെട്ടു. സ്കൂൾ അവധിയായതിനാൽ അജീറിന്റെ ഭാര്യയും മക്കളും ഒപ്പം പോയില്ല. ആയിഷ നൂറി ബെംഗളൂരുവിലെ കോളജ് അധ്യാപികയാണ്. മക്കൾക്കൊപ്പം അവിടെയാണു താമസം. മക്കൾക്ക് സ്കൂൾ ഉള്ളതിനാലാണ് സഹോദരനൊപ്പം പുറപ്പെട്ടത്. ഇവരുടെ ഭർത്താവ് കോട്ടയ്ക്കൽ സ്വദേശി ജാഫർ വിദേശത്താണ്. ആയിഷ നൂറിയുടെ മകൾ ഹനയും ഒപ്പം പോയിരുന്നില്ല.
Source link


