കുട്ടികളിലുണ്ടാകുന്ന അപൂർവ രോഗം; കവാസാക്കി ബാധിച്ച നാലാം ക്ലാസുകാരി ചികിത്സയ്‌ക്കിടെ മരിച്ചു

കവാസാക്കി ബാധിച്ച് മരിച്ച ആയിഷ ഹെൽന
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ മരിച്ച ഒമ്പതുവയസുകാരിക്ക് കവാസാക്കി രോഗമായിരുന്നെന്ന് നിഗമനം. കടലൂർ കോടിക്കൽ രരോത്ത് ജബ്‌നാസിന്റെയും മുഹസിനയുടെയും മകൾ ആയിഷ ഹെൽനയാണ് ശനിയാഴ്‌ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കോടിക്കൽ എഎംയുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആയിഷ.
കുട്ടികളുടെ രക്തക്കുഴലുകളിൽ വീക്കമുണ്ടാകുന്ന അപൂർവ്വരോഗമാണ് കവാസാക്കി. കടുത്ത പനിയോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ വ്യാഴാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശരീരത്തിലെ ചുവന്ന തടിപ്പുകളും നാവിലെ അമിത ചുവപ്പും കണ്ട് സംശയം തോന്നിയ ത്വക്ക് രോഗ ഡോക്‌ടറാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശിച്ചത്.
അവിടെയെത്തിയപ്പോഴേക്കും കുട്ടിയുടെ ഹൃദയമിടിപ്പ് കുറഞ്ഞിരുന്നു. കണ്ണും ചുറ്റുമുള്ള ഭാഗങ്ങളും ഉൾപ്പടെ ചുമക്കാൻ തുടങ്ങി. കുട്ടിക്ക് കവാസാക്കിയാണെന്ന് വിലയിരുത്തി ചികിത്സ നൽകി വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. രോഗം പകരുന്നതല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വളരെ അപൂർവ്വമായി കുട്ടികളിലാണ് ഈ രോഗം കണ്ടുവരാറുള്ളത്. കുട്ടികളിലുണ്ടാകുന്ന പനി അഞ്ച് ദിവസത്തിലത്തിലധികം നീണ്ടുനിന്നാൽ പ്രത്യേകശ്രദ്ധ വേണം. പനിക്കും ജലദോഷത്തിനും പുറമെ നാവ്, കണ്ണ് തുടങ്ങിയവയിൽ ചുവപ്പ്, കഴുത്തിൽ വീക്കം, ശരീരത്തിൽ നീർക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ രോഗസാദ്ധ്യത അവഗണിക്കരുത്. രക്തപരിശോധനകളിലൂടെയോ മറ്റേതെങ്കിലും പരിശോധനകളിലൂടെയോ രോഗനിർണയം സാദ്ധ്യമല്ലെന്നുള്ളത് മറ്റൊരു വെല്ലുവിളിയാണ്.
RELATED TOPICS: KAWASAKI FEVER, CHILD DEATH, KOZHIKODE, SYMPTOMS, KAWASAKI TREATMENT
Source link
NEWS


