NEWS
ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി യുവാവ്; ഡെലിവറി ബോയിൽ നിന്ന് യുഎഇയുടെ ചരിത്രത്തിലേക്ക് ആലപ്പുഴക്കാരന്റെ ‘മാസ് എൻട്രി’

അബുദാബി∙ ചുവടുവച്ച മണ്ണിലൊക്കെയും വിയർപ്പൊഴുക്കി വിജയഗാഥ രചിക്കുന്ന പ്രവാസി മലയാളിയുടെ നിശ്ചയദാർഢ്യത്തിന് യുഎഇയുടെ ആകാശത്തോളം വലിയൊരു അംഗീകാരം കൂടി. യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽവേയുടെ അതിവേഗ യാത്രാ ട്രെയിനുകളുടെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ആലപ്പുഴയുടെ സ്വന്തം നിഷാദ് (29) തിരഞ്ഞെടുക്കപ്പെട്ടു.ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ മണൽക്കാറ്ററിഞ്ഞു കുതിച്ചുപായുന്ന ഇത്തിഹാദ് ട്രെയിനിനെ നയിക്കാൻ ഇനി ഈ മലയാളി യുവാവും മുൻനിരയിലുണ്ടാകും. നിഷാദിനൊപ്പം യുഎഇയുടെ ദേശീയ പ്രൗഢിയായി ആദ്യ സ്വദേശി ക്യാപ്റ്റൻമാരായ ഇബ്രാഹിം അൽ ഹമ്മാദിയും സാറ അൽ മസ്റൂയിയും ഇത്തിഹാദ് റെയിലിന്റെ നിയോഗമേറ്റെടുത്ത് ഒപ്പമുണ്ട്.ചരക്ക് തീവണ്ടികളോടിച്ച് പരിചയമുള്ള സ്വദേശികളായ ഇബ്രാഹിം അൽ ഹമ്മാദിയും സാറ അൽ മസ്റൂയിയും യാത്രക്കാരുടെ വിശ്വസ്ത ക്യാപ്റ്റന്മാരായി മാറുമ്പോൾ അത് യുഎഇയുടെ പൈതൃക ചരിത്രത്തിലെ പുതിയൊരു അധ്യായം കൂടിയാവുകയാണ്. കുട്ടിക്കാലത്തെ സ്വപ്നം യാഥാർഥ്യമാക്കിയ ആദ്യ വനിതാ ക്യാപ്റ്റൻ സാറയും, രാജ്യസേവനത്തിൽ അഭിമാനം കൊള്ളുന്ന ഇബ്രാഹിമും ഒത്തുചേരുമ്പോൾ ഇത്തിഹാദ് റെയിൽവേ ഒരു പുതിയ തലമുറയുടെ പ്രതീകമാകുന്നു.
Source link


