NEWS
ഇറാൻ എണ്ണയ്ക്കായി ഇന്ത്യ-പാക്കിസ്ഥാൻ മത്സരം? അവസരം മുതലാക്കാൻ പാക്ക് തന്ത്രം; ഇന്ത്യ എന്തു ചെയ്യും?

വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഔദ്യോഗികമായി വിപണിയിലെത്തുന്ന ഇറാന്റെ എണ്ണയ്ക്കായി വൻ മത്സരം. സമാധാനക്കരാർ പ്രകാരം 60 ദിവസത്തേക്ക് ഇറാൻ എണ്ണയ്ക്ക് യുഎസ് ഉപരോധ ഇളവ് അനുവദിച്ചിട്ടുണ്ട്. നിലവിൽ ഇറാനും യുഎസും ആക്രമണം കടുപ്പിച്ചത് കരാറിനെ അവതാളത്തിൽ ആക്കിയിട്ടുണ്ടെങ്കിലും ഉപരോധ ഇളവ് പിൻവലിച്ചിട്ടില്ല. 60-ദിനക്കാലയളവിൽ കുറഞ്ഞ വിലയ്ക്ക് ഇറാന്റെ എണ്ണ കിട്ടുന്നത് പ്രയോജനപ്പെടുത്താനാണ് ഇന്ത്യയും പാക്കിസ്ഥാനുമടക്കം ശ്രമിക്കുന്നത്. നിലവിൽ, കപ്പലുകളിലുള്ള ഇറാന്റെ എണ്ണ വാങ്ങാനാണ് പല എണ്ണക്കമ്പനികളുടെയും ശ്രമം. മൊത്തം ക്രൂഡോയിൽ ഇറക്കുമതിയുടെ 10-20% ഇറാനിൽ നിന്നാക്കിയാൽ വാർഷികച്ചെലവിൽ 17 മുതൽ 34 കോടി ഡോളർ വരെ (ഏകദേശം 3200 കോടി ഇന്ത്യൻ രൂപവരെ) ലാഭിക്കാനാകുമെന്നാണ് പാക്കിസ്ഥാന്റെ വിലയിരുത്തൽ. എണ്ണ വാങ്ങലിലെ പണമിടപാടുകളിൽ പങ്കെടുക്കുന്നവർക്കും ബാങ്കുകൾക്കുംമേൽ യുഎസ് വീണ്ടും ഉപരോധം പ്രഖ്യാപിക്കുമോയെന്ന ആശങ്കയുണ്ട്. മാത്രമല്ല, ഇറാനുമായി എങ്ങനെ പണമിടപാട് നടത്തുമെന്ന ആശയക്കുഴപ്പവും നിലനിൽക്കുന്നു. ഇറാനിയൻ ബാങ്കുകളിൽ മിക്കവയും ഇപ്പോഴും ഉപരോധത്തിന് കീഴിലാണ്. അവയുമായി ഇടപാട് നടത്താനാവില്ല. നിലവിൽ ചൈന ഇറാന്റെ എണ്ണ വാങ്ങുന്നത് യുവാൻ കൊടുത്തിട്ടാണ്. ഇന്ത്യ ഏത് കറൻസിയിൽ ഇടപാട് നടത്തുമെന്ന ചോദ്യമാണ് ഉയരുന്നത്. നേരത്തേ മാർച്ചിൽ 2 ടാങ്കറുകളിൽ ഇറാന്റഎ എണ്ണ എത്തിയപ്പോഴും ഈ ആശയക്കുഴപ്പം നിലനിന്നിരുന്നു. തുടർന്ന്, ഇന്ത്യ ഇറാനിയൻ എണ്ണ വാങ്ങിയതുമില്ല.
Source link


