NEWS

പിഎസ്‌സി മൂല്യനിർണയത്തിലെ പിഴവ്; റാങ്ക് പട്ടിക റദ്ദാക്കും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

പിഎസ്‌സി ആസ്ഥാനം

തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയുടെ മൂല്യനിർണയത്തിലുണ്ടായ പിഴവിൽ ആഭ്യന്തര വിജിലൻസിന്റെ അന്വേഷണം തീരുമാനിച്ച് പിഎസ്‌സി. ആസൂത്രണ ബോർഡിലേക്കുള്ള റാങ്ക് പട്ടിക പുതുക്കാനാണ് തീരുമാനം. നിലവിലെ റാങ്ക് പട്ടിക റദ്ദാക്കാനും മാർക്കിടാതെ വിട്ട പത്ത് ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയം നടത്താനും തീരുമാനിച്ചു. പിഎസ്‌സി യോഗത്തിലാണ് തീരുമാനമുണ്ടായത്.

ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാ‌സ്‌ട്രക്‌ചർ ഡിവിഷൻ) നിയമന പരീക്ഷയുടെ മൂല്യനിർണയത്തിലാണ് പിഴവുണ്ടായത്. ആകെ ഒരു ഒഴിവ് മാത്രമുണ്ടായിരുന്ന തസ്‌തിയാണിത്. ചില ഉദ്യോഗാർത്ഥികളുടെ ഉത്തരങ്ങൾ രേഖപ്പെടുത്തിയത് മൂല്യനിർണയം നടത്തിയല്ലെന്ന് ഇവർ കണ്ടെത്തി. ഫീസടച്ച് ഉത്തരക്കടലാസിന്റെ പകർപ്പെടുത്ത് പരിശോധിച്ചപ്പോഴാണ് ഉദ്യോഗാർത്ഥികൾക്ക്‌ കാര്യം‌ വ്യക്തമായത്.

ആലപ്പുഴ മുഹമ്മ സ്വദേശിയായ ഉദ്യോഗാർത്ഥിയുടെ ഒന്നാം പേപ്പറിലെ ഒൻപത് മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്കാണ് മൂല്യനിർണയം നടത്താത്തത്. ആകെയുള്ള നൂറ് മാർക്കിൽ 58 മാർക്കും നോക്കാതെ വിട്ടുകളഞ്ഞ ഈ ഉത്തരങ്ങൾക്കായിരുന്നു. ബാക്കി മാർക്ക് മാത്രമാണ് ഇദ്ദേഹത്തിന് കിട്ടിയത്. ഇതോടെ ഉദ്യോഗാർത്ഥി കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.

2022ലാണ് സെക്രട്ടറിയേറ്റിൽ അഡീഷണൽ സെക്രട്ടറി തലത്തിലുള്ള ഈ ഉന്നത തസ്‌തികയ്‌ക്ക് വിജ്‌ഞാപനം പുറപ്പെടുവിച്ചത്. ശമ്പളസ്‌കെയിൽ 1,23,700 മുതൽ 1,66,800 രൂപ വരെയാണ്. 2023 ജൂലായിൽ പരീക്ഷനടത്തി 2025 ഫെബ്രുവരിയിൽ ചുരുക്കപ്പട്ടിക വന്നു. ഇതിൽ ഉൾപ്പെട്ടവരെ അഭിമുഖത്തിന് വിളിച്ച് ഒന്നാം റാങ്കുകാരന് നിയമന ശുപാർശ നൽകി.

ഒരുവർ‌ഷം കഴിഞ്ഞാണ് പരീക്ഷാ മൂല്യനിർണയ പരാതി നൽകിയവർക്ക് ഉത്തരകടലാസിന്റെ പകർപ്പ് നൽകിയത്. പരീക്ഷാ മൂല്യനിർണയത്തിൽ പിഎസ്‌സിക്ക് സംഭവിച്ച തകരാറ് ആസൂത്രണ ബോർഡിലെ മൂന്ന് നിയമനങ്ങളെ ബാധിക്കുമെന്നാണ് വിവരം.
RELATED TOPICS: PSC EVALUATION ERROR, PSC RANK LIST, KERALA PSC, RANK LIST CANCELLED, INTERNAL VIGILANCE


Source link
NEWS

Back to top button