NEWS

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം: സ്വർണത്തോട്ടിയും പഴുക്കാക്കുലയും കൂടി പരിശോധിക്കാൻ വിജിലൻസ്


കോട്ടയം∙ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ‘ഏഴരപ്പൊന്നാന’ മാത്രമല്ല, സ്വർണത്തോട്ടിയും സ്വർണ പഴുക്കാക്കുലയും ദേവസ്വം വിജിലൻസ് പരിശോധിക്കും. ഏഴരപ്പൊന്നാനയും ക്ഷേത്രത്തിലെ റജിസ്റ്ററുകളും നേരിട്ടു പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തിരുവാഭരണങ്ങൾ മുഴുവൻ പരിശോധിക്കാൻ വിജിലൻസ് ഒരുങ്ങുന്നത്. ഏഴരപ്പൊന്നാനകളോടൊപ്പം സ്വർണത്തോട്ടിയും സ്വർണ പഴുക്കാക്കുലയും തിരുവിതാംകൂർ മഹാരാജാവ് ക്ഷേത്രനടയിൽ സമർപ്പിച്ചിരുന്നതാണ്. ഇവയെല്ലാം ക്ഷേത്രത്തിലെ പ്രത്യേക സുരക്ഷാ അറയിലാണു സൂക്ഷിക്കുന്നത്.ഏഴരപ്പൊന്നകളെ പൊതിഞ്ഞിരിക്കുന്ന സ്വർണത്തകിടുകൾക്കു മാത്രം ഇപ്പോഴത്തെ വിപണിമൂല്യം ഏകദേശം 38 കോടിയാണെന്നാണ് ദേവസ്വത്തിന്റെ നിഗമനം. സ്വർണത്തോട്ടിക്ക് 3.88 ലക്ഷം രൂപയും സ്വർണ പഴുക്കാക്കുലയ്ക്ക് 51 ലക്ഷവുമാണ് മൂല്യം. അഭിഭാഷക കമ്മിഷണർ എ. എസ്.പി.കുറുപ്പ് ക്ഷേത്രത്തിലെ സ്വർണത്തിന്റെ തൂക്കവും മൂല്യവും കണക്കാക്കി ഹൈക്കോടതിയിൽ മുൻപ് റിപ്പോർട്ട് നൽകിയിരുന്നു. അഭിഭാഷക കമ്മിഷൻ 2017ൽ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഏഴരപ്പൊന്നാനകൾക്കെല്ലാം ചെറിയ രീതിയിൽ കേടുപാടുകളുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, വിവിധയിടങ്ങളിൽ നിന്നുള്ള എതിർപ്പ് മൂലം കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള പണികൾ ഇതുവരെ നടത്താൻ കഴിഞ്ഞില്ല. അതിനാൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്.ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ 9 വർഷം മുൻപ് വിദഗ്ധ സമിതി പരിശോധിച്ച തിരുവാഭരണങ്ങളിൽ അപാകത കണ്ടെത്തിയിട്ടും തുടരന്വേഷണത്തിനോ അന്വേഷണ റിപ്പോർട്ട് പഠിക്കുന്നതിനോ ദേവസ്വം ബോർഡ് തയാറായില്ലെന്ന് ഭക്തർ. പലതവണ പരാതി ലഭിച്ചിട്ടും ദേവസ്വം വിജിലൻസും ഗൗനിച്ചിട്ടില്ല. ‘ഏഴരപ്പൊന്നാന’ പരിശോധിക്കണമെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടത് ഒരു ഭക്തന്റെ പരാതിയെത്തുടർന്നാണ്.


Source link

Back to top button