NEWS

‘15,000 പേരെ കൊല്ലണം’; മുഹറം ഘോഷയാത്രയിൽ വിഷഗുളിക വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ


മുംബൈ∙ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്ത യുവാവിനെ വനിതാ വൊളന്റിയർമാർ കയ്യോടെ പിടികൂടിയതോടെ ഒഴിവായത് വൻ ദുരന്തം. മുംബൈയിലെ ബൈക്കുള മേഖലയിലാണ് സംഭവം. ഫയാസ് പ്രേംജി എന്നയാളെയാണ് ജനങ്ങൾക്ക് വിഷഗുളിക വിതരണം ചെയ്യുന്നതിനിടെ പിടിയിലായത്.ബൈക്കുളയിലെ റെഹ്മത്താബാദിനു സമീപം നടന്ന ഘോഷയാത്രയിലാണ് ഇയാൾ ഗുളികകൾ വിതരണം ചെയ്തത്. എലിവിഷത്തിലും മറ്റും ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് കലർത്തിയ ഗുളിക പ്രതിരോധശേഷി വർധിപ്പിക്കാനും വേദനയില്ലാതാക്കാനുമുള്ള മരുന്ന് എന്നുപറഞ്ഞാണ് ഇയാൾ ആളുകൾക്ക് വിതരണം ചെയ്തത്. പത്തോളം പേർ ഗുളിക കഴിക്കുകയും ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് ഉടൻ ഫയാസിൽനിന്ന് മരുന്നുശേഖരം പിടിച്ചെടുത്തു. ഗുളികകളിൽ സിങ്ക് ഫോസ്ഫൈഡ് സാന്നിധ്യം സ്ഥിരീകരിച്ചതായി മുംബൈ ഡിസിപി ജയന്ത് മീണ പറഞ്ഞു. ഇത്തരത്തിലുള്ള 14,900 ഗുളികകളാണ് ഫയാസിന്റെ പക്കൽനിന്ന് പിടിച്ചെടുത്തത്. ഇതുകൂടാതെ 30,000 ഒഴിഞ്ഞ മരുന്നു ക്യാപ്സ്യൂളിനും 50 കിലോ ഫോസ്ഫറസിനും ഇയാൾ ഓർഡർ നൽകിയിട്ടുണ്ടെന്നും ജയന്ത് മീണ കൂട്ടിച്ചേർത്തു. 15,000 പേരെയെങ്കിലും കൊല്ലാനായിരുന്നു തന്റെ ലക്ഷ്യമെന്ന് ഫയാസ് പറഞ്ഞതായും പൊലീസ് പറഞ്ഞു. ബിബിഎ ബിരുദധാരിയായ ഫയാസ് ഇറാൻ, ഇറാഖ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.


Source link

Back to top button