NEWS
തമിഴ്നാട്ടിൽ വീണ്ടും നിയമനവിവാദം; പ്രത്യേക പ്രതിനിധിയായി ‘ജനനായകന്റെ’ നിർമാതാവ്

ചെന്നൈ∙ തമിഴ്നാട്ടിൽ വീണ്ടും നിയമന വിവാദം. സിനിമാ നിർമാതാവ് വെങ്കട് കെ.നാരായണയെ ഡൽഹിയിലെ തമിഴ്നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. തമിഴ്നാട് മുഖ്യമന്ത്രി വിജയ് അവസാനമായി നായകനായ ചിത്രം ജനനായകന്റെ നിർമാതാവാണ് വെങ്കട്. തമിഴ്നാട് ചീഫ് സെക്രട്ടറി എം.സായ് കുമാർ ജൂൺ 23നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു വർഷത്തെ കാലാവധിയിലാണ് നിയമനം. സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് ജനനായകന്റെ റിലീസ് അനിശ്ചിതമായി തുടരുന്നതിനിടെയാണ് നിയമനം. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് വിജയ് ഗവർണറെ കണ്ടപ്പോൾ വെങ്കട്ടും ഒപ്പമുണ്ടായിരുന്നു. വെങ്കടിന്റെ നിയമനം തമിഴ്നാട്ടിൽ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്. കർണാടക സ്വദേശിയാണ് വെങ്കട്. തമിഴ്നാടിന്റെ പ്രതിനിധിയായി കർണാടകക്കാരനെ നിയമിച്ചതിനെതിരെ ബിജെപി രംഗത്തെത്തി. നിയമനം റദ്ദാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ആവശ്യപ്പെട്ടു. കെ.വിഎൻ. പ്രൊഡക്ഷൻസിന്റെ സ്ഥാപകനായ വെങ്കട് ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമാതാവാണ്. യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’, മലയാള ചിത്രം ‘ബാലൻ ദ ബോയ്’ എന്നീ ചിത്രങ്ങളുടെ നിർമാതാവും വെങ്കട് ആണ്.
Source link


