BUSINESS

ക്രൂഡോയിൽ വില ഇടിഞ്ഞില്ലേ, ഇനി ടിക്കറ്റ് നിരക്ക് കുറയ്ക്കാം; അധിക ചാർജുകൾ വെട്ടാൻ വിമാനക്കമ്പനികളോട് കേന്ദ്രം


പശ്ചിമേഷ്യൻ സംഘർഷം അയഞ്ഞതിനു പിന്നാലെ ഇന്ധനവില ദീർഘനാളത്തേക്ക് കുറഞ്ഞ നിലയിൽ തുടർന്നാൽ അധികചാർജുകൾ ഒഴിവാക്കാൻ വിമാനക്കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെടും. കേന്ദ്ര വ്യോമയാനമന്ത്രി കെ.റാം മോഹൻ നായിഡുവാണ് ഇക്കാര്യം അറിയിച്ചു. ഇന്ധനവിലയിലുണ്ടാകുന്ന മാറ്റം സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലയിടിവ് കുറച്ച് നാളത്തേക്ക് നിലനിൽക്കുമോയെന്ന് വിലയിരുത്താൻ വിമാനക്കമ്പനികളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്ധനവില കൂടിയതിനു പിന്നാലെ സാധാരണ ടിക്കറ്റ് നിരക്ക് കൂട്ടുന്നതിനു പുറമേ ഇന്ധന സർചാർജും കമ്പനികൾ ചുമത്തിയിരുന്നു. സാഹചര്യങ്ങൾ അനുകൂലമായാൽ ഇന്ധന സർചാർജ് നീക്കാനാണ് വിമാനക്കമ്പനികളുടെയും ആലോചന.വിമാന ഇന്ധനവിലയിലെ അടിക്കടിയുള്ള വർധന തടഞ്ഞ് ഇന്ത്യൻ വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും സഹായമേകാനായി 10,000 കോടി രൂപയുടെ എടിഎഫ് വിലസ്ഥിരതാ ഫണ്ടിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകിയത് ഈ മാസം ആദ്യമാണ്.ഇന്ത്യൻ വിമാനക്കമ്പനികൾക്ക് മാറ്റമില്ലാത്ത നിരക്കിൽ എടിഎഫ് ലഭ്യമാക്കുന്നതിനായി 10,000 കോടി രൂപയുടെ പലിശരഹിത അഡ്വാൻസ് കേന്ദ്രം നൽകും. ക്രൂഡോയിൽ വില കൂടിയാലും ഇന്ത്യൻ വിപണിയിൽ എടിഎഫിന്റെ വില ഇതുവഴി പിടിച്ചു നിർത്താം, ഒപ്പം എണ്ണക്കമ്പനികൾക്ക് ബാധ്യതയും ഒഴിവാകും. ഇല്ലെങ്കിൽ വിലവർധനയുടെ ബാധ്യത വിമാനക്കമ്പനികളിലേക്കും ഉയർന്ന ടിക്കറ്റ് നിരക്കായി യാത്രക്കാരിലേക്കുമെത്തും. എന്നാൽ മാറിയ സാഹചര്യത്തിൽ ഈ ഫണ്ടിന്റെ ഭാവിയെന്തെന്നത് സംബന്ധിച്ചും ചോദ്യമുയരുന്നുണ്ട്.


Source link

Back to top button