NEWS
കോട്ടയം മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിൽ മരുന്നുകളില്ല; രോഗികൾ വലയുന്നു

കോട്ടയം ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മരുന്നുകളില്ലാതെ രോഗികൾ വലയുന്നു. വിലയേറിയ മരുന്നുകളൊന്നും തന്നെയില്ല. കീമോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സ വേണമെങ്കിൽ പുറത്തുനിന്ന് വാങ്ങണം. 7 കോടി രൂപയുടെ കാൻസർ മരുന്നാണ് ഒരുവർഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യമുള്ളത്. ഏപ്രിൽ ഒന്നുമുതൽ കാൻസർ മരുന്നുകൾ ഒന്നും ആശുപത്രി മരുന്ന് സ്റ്റോറിൽ എത്തിയിട്ടില്ല. കഴിഞ്ഞ വർഷം മിച്ചമുണ്ടായിരുന്ന സ്റ്റോക്കും ഏപ്രിൽ പകുതിയോടെ തീർന്നതായി അധികൃതർ പറഞ്ഞു. സർക്കാർ ടെന്ററിങ്ങിലെ നൂലാമാലകളും മരുന്നു വിതരണക്കാർക്ക് നൽകേണ്ട കുടിശിക തുക കൂടിയതുമാണ് മരുന്ന് ലഭിക്കാതിരിക്കാൻ കാരണം. മരുന്ന് എത്താൻ ഇനിയും മാസങ്ങളെടുക്കും. ദിവസേന 100– 120 രോഗികളാണ് കീമോതെറപ്പി– കുത്തിവയ്പ്പിനും മരുന്നിനുമായി എത്തുന്നത്. ഇവരിൽ 70–90 പേർ ഇൻഷുറൻസ് ആനുകൂല്യത്തിൽ ചികിത്സ ലഭിക്കാനെത്തുന്നവരാണ്. ഇൻഷുറൻസ് ആനുകൂല്യത്തിൽ മരുന്നു ലഭിക്കുന്ന സ്റ്റോറുകളിലും മരുന്നില്ല. പുറത്തുനിന്ന് മരുന്ന് വാങ്ങാൻ പതിനായിരക്കണക്കിന് രൂപ കയ്യിൽ കരുതേണ്ട അവസ്ഥയിലാണ് രോഗികൾബെവാസിസുമാബ് 400 എംജി എന്ന മരുന്നിന് യഥാർഥ വില 8000 രൂപയിൽ താഴെ, കമ്പനികൾ 56,000 രൂപ വരെയാണ് എംആർപി ഇട്ടിരിക്കുന്നത്. ട്രാസ്റ്റുസുമാബ് (13,000– 58,000 രൂപ), സോൾഡ്രിന (3,000– 3,200 രൂപ), കാർബൊപ്ലാറ്റിൻ (600– 3300 രൂപ), ലെട്രസോൾ (10 ഗുളികകളുടെ സ്ട്രിപ്പിന് 40– 85 രൂപ), ടാമോക്സിഫെൻ (സ്ട്രിപ്പിന് 18–35 രൂപ), രണ്ടു നേരം കഴിക്കേണ്ട ട്രൈഫ്ലൂറിഡിൻ (20 ഗുളികയ്ക്ക് 3500– 10500) എന്നിവ പുറത്തു നിന്ന് വാങ്ങേണ്ട മരുന്നുകളിൽ ചിലതാണ്. മരുന്നു കമ്പനികളെ സഹായിക്കാൻ ഇടനിലക്കാരും പ്രവർത്തിക്കുന്നുണ്ട്. ഇവർ ചില പ്രത്യേക സ്റ്റോറുകളിലേക്ക് രോഗികളെ പറഞ്ഞു വിടുന്നു. അടിയന്തരമായി സർക്കാർ ഇടപെടണമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നത്.
Source link


