NEWS

വീര്യം കുറഞ്ഞ മദ്യം: കര്‍ഷകരെ സഹായിക്കാനെന്ന് അന്നു ഗോവിന്ദൻ; തെറ്റെന്നു സർക്കാർ രേഖ


തിരുവനന്തപുരം ∙ വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്തു വില്‍ക്കാന്‍ ബക്കാഡി കമ്പനിയുടെ ആവശ്യപ്രകാരം ചട്ടം ഭേദഗതി ചെയ്തതിന്റെ പ്രധാന ഉദ്ദേശ്യം പഴം കര്‍ഷകരെ സഹായിക്കാനാണെന്ന അന്നത്തെ എക്‌സൈസ് മന്ത്രിയും നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന്റെ വാദം തെറ്റെന്ന് സര്‍ക്കാര്‍ രേഖകള്‍. കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നം എന്ന നിലയില്‍ പഴങ്ങളില്‍നിന്നു വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കുകയെന്ന കാഴ്ചപ്പാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തേ മുന്നോട്ടുവച്ചിട്ടുള്ളതെന്നും ഇടതുസര്‍ക്കാരിന്റെ ഇടപെടല്‍ കൃഷിക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമുള്ളതായിരുന്നുവെന്നുമാണ് എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയത്. എന്നാല്‍ 2022-23ലെ മദ്യനയം പ്രഖ്യാപിച്ച് ഇറക്കിയ ഉത്തരവില്‍ രണ്ടും രണ്ടായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തരവില്‍ 23ാം പോയിന്റായി, കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് ധാന്യങ്ങള്‍ ഒഴികെയുള്ള തനത് കാര്‍ഷികോല്‍പനങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനും ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. 25-ാം നമ്പരിലാണ്, ഉദയഭാനു കമ്മിഷന്റെ ശുപാര്‍ശയില്‍ വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കണമെന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എഴുതിയിരിക്കുന്നത്.പഴവര്‍ഗങ്ങളില്‍നിന്നും ധാന്യങ്ങളില്‍നിന്നും വീര്യം കുറഞ്ഞ മദ്യവും വൈനും ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കി 2019 ഒക്‌ടോബര്‍ 26നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ചക്ക, കശുമാങ്ങ എന്നിവയില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ കേരളത്തില്‍ ലഭ്യമാണെന്നും ചെറുകിട വൈന്‍ നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ അബ്കാരി ചട്ടത്തില്‍ അനുയോജ്യമായ ഭേദഗതി ആവശ്യമാണെന്നും സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊള്ളണമെന്നും എക്‌സൈസ് കമ്മിഷണര്‍ 2015, 2016, 2017 വര്‍ഷങ്ങളില്‍ സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. തുടര്‍ന്ന് 2017 ഓഗസ്റ്റ് 16ന് എക്‌സൈസ് മന്ത്രിയും കൃഷി മന്ത്രിയും ഉള്‍പ്പെടെ ഉന്നതതല യോഗം ചേര്‍ന്നാണ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃഷിവകുപ്പിനോട് ആവശ്യപ്പെട്ടത്. കേരള കാര്‍ഷിക സര്‍വകലാശാല, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എന്നീ സ്ഥാപങ്ങളുടെ വിവിധ പഠന റിപ്പോര്‍ട്ടുകളും പരിശോധിച്ചിരുന്നു. 


Source link

Back to top button