LIFESTYLE

വലിയ തുക വാടക കൊടുത്തു: ഒടുവിൽ ഒരുമണിക്കൂറിനുള്ളിൽ വീട് ഒഴിയേണ്ടിവന്നു; ദുരവസ്ഥ പങ്കുവച്ച് യുവതി


പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഗുരുഗ്രാമിലെ അനധികൃത നിർമാണങ്ങൾക്കെതിരെ നടക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് ഇരുട്ടടിയായത് ഇവിടങ്ങളിൽ വീട് വാടകയ്ക്ക് എടുത്ത സാധാരണക്കാർക്കാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ വീട് ഒഴിയണമെന്ന നിർദ്ദേശം വന്നതോടെ എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തിയിലാവുകയായിരുന്നു നിരവധി കുടുംബങ്ങൾ. അത്തരത്തിൽ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന സംഘമിത്ര എന്ന യുവതി തന്റെ അനുഭവം പങ്കുവച്ചത് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.വാടക വീട് ഒഴിയാൻ ഒരുമണിക്കൂർ സമയം മാത്രമാണ് സംഘമിത്രയ്ക്ക് ലഭിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താൻ നേരിട്ട ദുരവസ്ഥയെ കുറിച്ച് സംഘമിത്ര വെളിപ്പെടുത്തിയത്. പ്രീമിയം തുക വാടകയായി നൽകിയാണ് സംഘമിത്ര ഫർണിഷ്ഡ് അപ്പാർട്ട്മെന്റിൽ കഴിഞ്ഞിരുന്നത്. കരിയറിലെ പുതിയ ചുവടുവയ്പ്പിന് മുന്നോടിയായി അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങുന്നതിന് വേണ്ടി ഒഡീഷയിലേക്ക് പോയ സമയത്താണ് ഒരു മണിക്കൂറിനുള്ളിൽ വീട് ഒഴിയണമെന്ന് നിർദ്ദേശം തേടിയെത്തിയത്. തന്നെപ്പോലെ പല താമസക്കാർക്കും നിർദ്ദേശം ലഭിച്ചതായി അറിഞ്ഞു. ഇത്രയും അകലെ നിന്നുകൊണ്ട് എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലായി സംഘമിത്ര.വീടൊഴിയാത്ത പക്ഷം നടപടികളുടെ ഭാഗമായി സാധനങ്ങൾ നശിപ്പിക്കപ്പെട്ടേക്കുമോ എന്ന ഭയത്തിൽ ഉടൻതന്നെ യുവതി ഗുരുഗ്രാമിലുള്ള സുഹൃത്തുക്കളെ വിവരമറിയിച്ചു. അവർ വീട്ടിലെത്തി പൂട്ടു പൊളിച്ച് അകത്തുകയറി വസ്ത്രങ്ങളും രേഖകളുമെല്ലാം പായ്ക്ക് ചെയ്ത് എടുക്കുകയായിരുന്നു. പൂട്ടു തകർത്തതിന്റെ നാശനഷ്ടം സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്നും ഈടാക്കാനാണ് സാധ്യതയെന്നും യുവതി പറയുന്നു. വീട്ടുസാധനങ്ങളുമായി എങ്ങോട്ട് പോകണം എന്നറിയാത്ത അവസ്ഥയിൽ ഒടുവിൽ ഹോട്ടൽ മുറിയെ ആശ്രയിക്കുകയായിരുന്നു സംഘമിത്ര.തന്നെപ്പോലെ വീട് നഷ്ടമായവരിൽ കൈക്കുഞ്ഞുങ്ങളും പ്രായമായ അച്ഛനമ്മമാരുമുള്ള കുടുംബങ്ങളും ഉണ്ടെന്ന് യുവതി പറയുന്നു. ഇത്തരമൊരു സാഹചര്യത്തെക്കുറിച്ച് വീട്ടുടമസ്ഥരോ അധികൃതരോ മുൻകൂട്ടി അറിയിപ്പ് നൽകിയില്ല എന്നതിലെ രോഷവും അവർ പങ്കുവയ്ക്കുന്നുണ്ട്. യാതൊരു തെറ്റും ചെയ്യാത്ത സാധാരണ ജനങ്ങളാണ് നടപടികൊണ്ട് ഏറ്റവും അധികം ബുദ്ധിമുട്ടിലായത്. നാടും വീടും വിട്ട് ഗുരുഗ്രാമിൽ എത്തി വൻതുക വാടക കൊടുത്ത് കഴിയുന്ന നിരപരാധികളായ ജനങ്ങൾ ഒറ്റ മണിക്കൂർകൊണ്ട് അക്ഷരാർഥത്തിൽ പെരുവഴിയിലാവുകയായിരുന്നു.സമാനമായ ദുരിതം നേരിട്ട നിരവധി ആളുകളാണ് പോസ്റ്റിന് പ്രതികരണങ്ങൾ അറിയിക്കുന്നത്.17 വർഷമായി ഗുരുഗ്രാമിൽ കഴിയുന്ന ഒരു വ്യക്തി താൻ ഈ സ്ഥലം ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് പ്രതികരിക്കുന്നത്. വീടൊഴിയേണ്ടി വന്നവർ ഉടമസ്ഥരിൽ നിന്നും സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയ്ക്കൊപ്പം നഷ്ടപരിഹാരവും ഈടാക്കണം എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.


Source link

CINEMA

CINEMA

Back to top button