SPORTS
വനിതാ ലോകകപ്പിനിടെ സീനിയർ താരത്തിനൊപ്പം മുറിയിൽ ഭർത്താവും, എതിർത്ത് പാക് ക്യാപ്റ്റൻ; പരിശീലകനുമായും ഭിന്നത

ലണ്ടൻ ∙ വനിതാ ട്വന്റി20 ലോകകപ്പിനിടെ ടീം ഹോട്ടലിലെ മുറിയിൽ സീനിയർ താരം ആലിയ റിയാസിനൊപ്പം ഭർത്താവ് അലി യൂനിസും താമസിച്ചത് എതിർത്ത് പാക് ക്യാപ്റ്റൻ ഫാത്തിമ സന. പാക്കിസ്ഥാൻ ടീം അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിവരം പുറത്തുവരുന്നത്. കമന്റേറ്ററായ അലി യൂനിസ് പാക്ക് മുൻ ക്യാപ്റ്റൻ വഖാർ യൂനിസിന്റെ സഹോദരനാണ്. ഫാത്തിമ സനയുടെ നിർബന്ധപ്രകാരം അലി യൂനിസിനോട് മുറി ഒഴിയാൻ ആവശ്യപ്പെട്ടെന്നും പിന്നീട്, ബംഗ്ലാദേശിനെതിരായ മത്സരത്തിന്റെ തലേദിവസം, ടീം പരിശീലനം ഷെഡ്യൂൾ ചെയ്തിരുന്ന സമയത്ത് ആലിയയും ഭർത്താവും കാഴ്ചകൾ കാണാൻ പുറത്തുപോയെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയോട് 64 റൺസിന് തോറ്റ പാക്കിസ്ഥാൻ തുടർന്ന് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നീ ടീമുകളോടും തോൽവി ഏറ്റുവാങ്ങി. നാലു മത്സരങ്ങൾ തോറ്റ പാക്കിസ്ഥാൻ ഗ്രൂപ്പ് 1 ൽ അഞ്ചാം സ്ഥാനത്താണ്. നെതർലൻഡ്സിനെതിരെയാണ് പാക്കിസ്ഥാന്റെ അവസാന മത്സരം. ലോകകപ്പിന് മുമ്പ് അയർലൻഡിനും വെസ്റ്റ് ഇൻഡീസിനുമെതിരെ കളിച്ച ത്രിരാഷ്ട്ര പരമ്പരയിലും അവർക്ക് വിജയം നേടാനായില്ല. കഴിഞ്ഞ വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ഐസിസി ഏകദിന ലോകകപ്പിലും പാക്കിസ്ഥാൻ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു.
Source link


