NEWS

ആ ടിപ്പർ പിഴ അടച്ചത് 36 തവണ; പല തവണയും പിഴ ഫിറ്റ്നസ് ഇല്ലാത്തതിന്റെ പേരിൽ


കൊല്ലം ∙ കൊട്ടാരയ്ക്കരയ്ക്കടുത്ത് 3 പേരുടെ മരണത്തിന് ഇടയാക്കിയ ടിപ്പറിന് ഇതുവരെ നിയമലംഘനത്തിന് 36 തവണ പിഴ കിട്ടി. കൂടുതലും 250 രൂപയാണെങ്കിലും ഏറ്റവും അവസാനം 2026 ഫെബ്രുവരി മൂന്നിന് 15,500 രൂപയാണ് പിഴയടച്ചത്. ഫിറ്റ്നസും ടാക്സും ഇൻഷുറൻസും ഒന്നും ഇല്ലാത്തതിനു മോട്ടർ വാഹനവകുപ്പാണ് പിഴയീടാക്കിയത്. അതിന് മുൻപ് 2025 മേയ് 21ന് 4500 രൂപയും 2025മാർച്ച് 15ന് 13500 രൂപയും മോട്ടർ വാഹനവകുപ്പ് പിഴയീടാക്കി. ഇതെല്ലാം ഫിറ്റ്നസ് ഇല്ലാത്തതിനാലാണ്. എന്നാൽ ജനുവരി 30ന് പൊലീസ് പിടികൂടി 250 രൂപയാണ് പിഴയീടാക്കിയത്. അന്നും പക്ഷേ ടിപ്പറിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല. അപകടത്തിനു കാരണമായി മോട്ടർ വാഹനവകുപ്പ് ഇപ്പോഴും വിശദീകരിക്കുന്നത് ഡ്രൈവറുടെ പരിചയക്കുറവും വാഹനത്തിന്റെ പഴക്കവുമെന്നതാണ്. വിദേശത്ത് ജോലി ചെയ്തിരുന്ന ഡ്രൈവർ നാട്ടിലെത്തിയാണ് ടിപ്പർ ഓടിക്കാൻ കയറിയത്. അമിത ലോഡ് കയറ്റി അമിത വേഗത്തിൽ പോയതാണ് അപകടകാരണമെന്നും അവർ പറയുന്നു.അപകട കാരണം അമിതവേഗം, ഓവർലോഡ്; ട്രാൻസ്പോർട്ട് കമ്മിഷണർ എ.നാഗരാജു സ്ഥലം സന്ദർശിച്ചു  കൊട്ടാരക്കര ∙ അമിതവേഗവും ലോറിയിലെ ഓവർ ലോഡുമാണ് മുക്കോണിമുക്കിൽ മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിന്റെ കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ട്രാൻസ്പോർട്ട് കമ്മിഷണർ എ.നാഗരാജു പറഞ്ഞു. ഇത് സംബന്ധിച്ച് ആർടിഒ നൽകിയ റിപ്പോർട്ട് പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കും. അപകടത്തിൽപെട്ട ലോറിയുടെ ലോറിയുടെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും. അയാളുടെ മുൻ പശ്ചാത്തലം പരിശോധിക്കും. വാഹന ഉടമയ്ക്കെതിരെ ക്രിമിനൽ കേസെടുക്കാൻ പൊലീസിന് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുക്കോണിമുക്കിലെ അപകടമേഖല സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.സ്പീഡ് ബ്രേക്കർ ഉണ്ടായിരുന്നെങ്കിൽ..  അമ്പലപ്പുറം റോഡിൽ നിന്ന് നീലേശ്വരം കൊട്ടാരക്കര റോഡിലേക്ക് എത്തും മുൻപ് പഴയ റോഡിൽ സ്പീഡ് ബ്രേക്കറുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു, എന്നാൽ, റോഡ് നല്ല നിലവാരത്തിൽ നിർമിച്ചതോടെ സ്പീഡ് ബ്രേക്കർ ഒഴിവാക്കി. ഒരുപക്ഷേ സ്പീഡ് ബ്രേക്കർ ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ദിവസത്തെ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സ്പീഡ് ബ്രേക്കർ നിർമിക്കണമെന്ന നിർദേശം ദുരന്ത സ്ഥലം സന്ദർശിച്ച കലക്ടർ ആനി ജൂല തോമസ് പറഞ്ഞിരുന്നു. അമ്പലപ്പുറം റോഡിൽ മാത്രമല്ല നീലേശ്വരം റോഡിന്റെ രണ്ട് വശങ്ങളിലും സ്പീഡ് ബ്രേക്കർ നിർമിക്കണമെന്നാണ് കലക്ടർ നിർദേശിച്ചത്.


Source link

Back to top button