ശിവക്ഷേത്രം, നന്ദി വിഗ്രഹം ; രവീണ ടണ്ടന്റെ മുംബയിലെ 70 കോടിയുടെ ബംഗ്ലാവിനുണ്ട് ഒരു കേരള ബന്ധം

മൊറോക്കൻ വാസ്തു വിദ്യയും കേരളീയ വാസ്തു ശൈലിയും ഒരുപോലെ സംയോജിപ്പിച്ചാണ് ബോളിവുഡ് താരം രവീണ ടണ്ടന്റെ മുംബയിലെ വീട് നിർമ്മിച്ചിരിക്കുന്നത്. മുംബയിലെ ബാന്ദ്രയിൽ കടലിനഭിമുഖമായാണ് 70 കോടി വില വരുന്ന ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ആഡംബരത്തിന് അവസാന വാക്ക് എന്ന പറയാവുന്ന വിധമാണ് നിലായ എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ രൂപകല്പന. അഭയം എന്നർത്ഥം വരുന്ന സംസ്കൃത പദമാണ് നീലായ.
പുറത്തെ ലോകത്തിൽ നിന്ന് ഇവിടം തികച്ചും വ്യത്യസ്തമാണ്. ശാന്തം സുന്ദരം. പക്ഷികളുടെ ശബ്ദം നിങ്ങൾക്കിവിടെ കേൾക്കാം. മരങ്ങൾ കാണാം. അത് എന്റെ കൊക്കൂണാണ്, മുൻപ് ഒരഭിമുഖത്തിൽ വീടിനെ കുറിച്ച് താരം പറഞ്ഞിട്ടുണ്ട്. ശില്പങ്ങളാൽ നിറഞ്ഞ വീടാണിത്. പ്രവേശന കവാടത്തിൽ ഗണപതിയുടെ ഒരു ശില്പം കാണാം. വീട്ടിൽ ഒരു ശിവക്ഷേത്രവുമുണ്ട്. മതപരമായ ചടങ്ങുകളും പൂജയും പ്രാർത്ഥനകളും ഇവിടെ നടത്തിവരുന്നു. ക്ഷേത്രത്തിന് പുറത്ത് 50 വർഷം പഴക്കമുള്ള, ദക്ഷിണേന്ത്യയിലെ ഒരു ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന നന്ദിയുടെ ഒരു ശില്പവും പ്രതിഷ്ഠിച്ചിരിക്കുന്നു. വീട്ടിൽ പോസിറ്റീവ് എനർജി നിറയാനും ഭാഗ്യമുണ്ടാകാനും പാർവതി ദേവിയുടെ ഒരു വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്.
മാർബിൾ പാകിയ തറയാണ് സ്വീകരണ മുറിയെ ആകർഷകമാക്കുന്നത്. ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച ചുവരുകൾ ഇവിടം കൂടുതൽ ആകർഷകമാക്കുന്നു. 10 ലക്ഷം രൂപയുടെ ഒരു ബാർ കൗണ്ടറും സ്ഥാപിച്ചിട്ടുണ്ട്. കേരളീയ ശൈലിയിലുള്ള വരാന്തകളുടെ മാതൃകയിൽ കൊത്തുപണികളുള്ള തൂണുകളാണ് പിൻമുറ്റത്തെ മനോഹരമാക്കുന്നത്. ഡിന്നർ പാർട്ടികൾ സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ രീതിയിൽ സ്വിമ്മിംഗ് പൂളും ഒരുക്കിയിട്ടുണ്ട്.
Source link


