NEWS
ഡ്യൂട്ടിക്ക് മുമ്പ് ജീവനക്കാർ ‘രണ്ടെണ്ണം വീശി’, സിഇഒയുടെ 30% ശമ്പളം വെട്ടി കമ്പനി

ഡ്യൂട്ടിക്ക് കയറുന്നതിന്റെ തലേദിവസം രണ്ട് ജീവനക്കാർ ഒരൽപം മദ്യപിച്ചതിന്റെ പേരിൽ ‘പണി’ കിട്ടിയത് കമ്പനി സിഇഒ അടക്കമുള്ള ഉന്നത മാനേജ്മെന്റ് അംഗങ്ങൾക്ക്. നൂറിലധികം യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉത്തരവാദിത്തം പറയേണ്ട ക്യാബിൻ ക്രൂ അംഗങ്ങളാണ് ഡ്യൂട്ടിക്കു മുൻപ് മദ്യപിച്ചു കുടുങ്ങിയത്. ഇവരുടെ പ്രവൃത്തി മാനേജ്മെന്റിന്റെ ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തി കമ്പനി സിഇഒ, വക്താവ്, ഡയറക്ടർമാർ, എക്സിക്യൂട്ടീവ് ഓഫീസർമാർ, സുരക്ഷാ ചുമതലയുള്ളവർ എന്നിവർക്കെതിരെയാണ് നടപടി എടുത്തത്. ജപ്പാനിലാണ് സംഭവം. ജപ്പാൻ എയർലൈൻസ് വിമാന കമ്പനിയിലെ രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളാണ് ഡ്യൂട്ടിക്ക് മുമ്പുള്ള ദിവസം മദ്യപിച്ചതിന്റെ പേരിൽ പിടിക്കപ്പെട്ടത്. കമ്പനി ചട്ട പ്രകാരം ഡ്യൂട്ടിക്ക് മുമ്പുള്ള ദിവസങ്ങളിൽ മദ്യപിക്കാൻ പാടുള്ളതല്ല. പിടിക്കപ്പെട്ടതിനെ തുടർന്ന് ഒരാളെ പുറത്താക്കുകയും മറ്റൊരാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ നടപടി ഇവിടെയും തീർന്നില്ല. കമ്പനി സിഇഒയുടെ ശമ്പളത്തിൽ നിന്ന് 30 ശതമാനം വീതം രണ്ടു മാസത്തേക്ക് പിടിക്കും. ക്യാബിൻ ഓപറേഷൻസ്, സുരക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ വേതനത്തിൽ നിന്ന് ഒരു മാസത്തേക്ക് 20 ശതമാനം കുറയ്ക്കും. മറ്റ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് 10 ശതമാനം വീതം ശമ്പളം വെട്ടിക്കുറയ്ക്കാനുമാണ് തീരുമാനം.
Source link


