NEWS
അവയവക്കടത്ത്: നിർണായക രേഖകൾ കിട്ടിയെന്ന് ഇ.ഡി; അക്കൗണ്ടുകൾ മരവിപ്പിക്കും

കൊച്ചി ∙ അവയവക്കടത്ത് കേസിൽ നിർണായക രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെടുത്തതായി വിവരം. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിലാണ് വ്യാജരേഖകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും അടക്കം കണ്ടെടുത്തത്. അവയവക്കടത്തു സംബന്ധിച്ച കൂടുതൽ വിവരങ്ങളിലേക്കും പ്രതികളുടെ ഇടപാടുകളുടെ വിശദാംശങ്ങളിലേക്കും ഇതു സൂചനയാകും. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കമുണ്ട്. കൊച്ചിയിലെ 2 സ്വകാര്യ ആശുപത്രികളിലും കോട്ടയത്തെയും തിരുവനന്തപുരത്തെയും ഓരോ ആശുപത്രിയിലും അവയവക്കടത്തിലെ ഇടനിലക്കാരെന്ന് ആരോപിക്കപ്പെടുന്ന കൊല്ലം പുളിയത്തുമുക്ക് ശ്രീജ, സുധീർ എന്നിവരുടെ വീടുകളിലുമാണ് കഴിഞ്ഞ ദിവസം ഇ.ഡി പരിശോധന നടത്തിയത്. അവയവക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കേസിൽ നേരത്തേ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്‌തതിൽനിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ചതിൽനിന്നുമാണ് സ്വകാര്യ ആശുപത്രികളിലേക്ക് അന്വേഷണം നീണ്ടത്.
Source link


