NEWS
സ്കൂളിൽ വിവസ്ത്രരാക്കും, അധ്യാപകർ ഉൾപ്പെട്ട ലൈംഗിക കൂട്ടായ്മ; ഫീസ് 75.50 ലക്ഷം രൂപ വരെ; രക്ഷപ്പെടാൻ ശ്രമിച്ചാൽ വേട്ടനായ്ക്കളെ വിടും

വാഷിങ്ടൻ∙ ന്യൂയോർക്കിൽ വർഷങ്ങൾക്ക് മുൻപ് പൂട്ടിപ്പോയ പ്രമുഖ സ്വകാര്യ ബോർഡിങ് വിദ്യാലയമായ ഫാമിലി ഫൗണ്ടേഷൻ സ്കൂളിൽ വിദ്യാർഥികൾ ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും ഇരകളായതായി വെളിപ്പെടുത്തൽ. കുട്ടികളെ കൊണ്ട് സ്വന്തം ഛർദ്ദി നിർബന്ധിച്ച് തീറ്റിക്കുക, വിവസ്ത്രരാക്കി പരിശോധിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്കൂളിലെ മുൻ വിദ്യാർഥി കോടതിയിൽ നൽകിയ രേഖകളിൽ ഉള്ളത്. വർഷത്തിൽ 80,000 ഡോളർ (ഏകദേശം 75.50 ലക്ഷം രൂപ) വരെ ഫീസ് ഈടാക്കിയിരുന്ന ഈ സ്കൂൾ, അപ്സ്റ്റേറ്റ് ന്യൂയോർക്കിലെ ഹാൻകോക്ക് എന്ന ചെറിയ ഗ്രാമത്തിലാണ് പ്രവർത്തിച്ചിരുന്നത്. വിവിധ പരാതികളെ തുടർന്ന് 2014ലാണ് സ്കൂൾ അടച്ചുപൂട്ടിയത്. സ്കൂളിനെതിരെ 10 മില്യൻ ഡോളറിന്റെ (ഏകദേശം 83 കോടി രൂപ) നഷ്ടപരിഹാരക്കേസാണ് മുൻ വിദ്യാർഥി ഫയൽ ചെയ്തിരിക്കുന്നത്. 2000 മുതൽ 2003 വരെയുള്ള കാലയളവിൽ സ്കൂളിൽ പഠിച്ച വിദ്യാർഥിയാണ് നിയമപോരാട്ടവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്കൂളിലെത്തുന്ന കുട്ടികളെ ആദ്യദിവസം തന്നെ വസ്ത്രങ്ങളഴിച്ച് പരിശോധിക്കുമായിരുന്നു. അധ്യാപകർ ഉൾപ്പെട്ട ലൈംഗിക സ്വഭാവമുള്ള കൂട്ടായ്മകളിൽ പങ്കെടുക്കാൻ കുട്ടികളെ നിർബന്ധിച്ചിരുന്നു. സ്കൂളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന കുട്ടികളെ വേട്ടനായ്ക്കളെ ഉപയോഗിച്ച് പിന്തുടർന്ന് പിടികൂടുമായിരുന്നു. ചില വിദ്യാർഥികളെ വലിയ പരവതാനികൾക്കുള്ളിൽ ചുരുട്ടി ടേപ്പ് ഉപയോഗിച്ച് വരിഞ്ഞുമുറുക്കി ക്രൂരമായി ശിക്ഷിച്ചിരുന്നതായും ഹർജിയിൽ പറയുന്നു.
Source link


