NEWS
ഇലന്തൂരിന്റെ ബ്രാൻഡാകാൻ കപ്പ; ഒരു സീസണിൽ 25 ലക്ഷം രൂപയുടെ വരുമാനം: ഒരു മൂട് കപ്പയ്ക്ക് വില 100 രൂപ

ഇലന്തൂർ ∙ കപ്പക്കൃഷിയിൽ മുന്നേറ്റവുമായി ഇലന്തൂർ. തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിൽ ഇലന്തൂർ ബ്ലോക്ക് ഓഫിസിനു സമീപവും ചുറ്റുപാടുമായി 10 ഏക്കറോളം പാടമാണ് കപ്പക്കൃഷിയുടെ കേന്ദ്രമായി മാറിയിരിക്കുന്നത്. ഒരു സീസണിൽ 25 ലക്ഷം രൂപയുടെ വരുമാനം കർഷകർക്ക് ലഭിക്കുന്നു. സീസണിൽ 25,000 മൂട് കപ്പയിലധികം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഒരു മൂട് കപ്പയ്ക്ക് 100 രൂപ വിലക്കാണ് വിൽപന. ഇതിനു പുറമേ ബ്ലോക്ക് പടിക്കു സമീപവും ധന്വന്തരി ക്ഷേത്രത്തിന് സമീപത്തും കൃഷിയുണ്ട്.ബ്ലോക്ക് പടി ഉൾപ്പെടെ ഇലന്തൂരിൽ തന്നെ കപ്പ വിപണികൾ സജീവമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യാപാരികൾ കപ്പ വാങ്ങാൻ ഇവിടേക്ക് എത്തുന്നു. വർഷങ്ങളായി നെൽക്കൃഷി ചെയ്തിരുന്ന പാടങ്ങളാണ് കപ്പ കൃഷിയിലേക്കു വഴി മാറിയത്. നെൽക്കൃഷി ലാഭകരമല്ലാതെ വന്നതോടെ പച്ചക്കറിയിലേക്കും പിന്നീട് കപ്പയിലേക്കും കർഷകർ തിരിയുകയായിരുന്നു. കറുത്ത ബ്ലോക്ക് ഇനം കപ്പയാണ് കൂടുതലായി കൃഷി ചെയ്യുന്നത്. 9 മാസം നീളുന്നതാണ് ഒരു കൃഷി. അത് വിളവെടുത്താൽ അടുത്ത കൃഷിക്കായി പാടം ഒരുങ്ങും.
Source link


