NEWS
‘കാമുകിയും സഹോദരനും കൊല്ലാൻ നോക്കി’; പൊലീസിൽ പരാതി നൽകി ലാലുവിന്റെ മകൻ

പട്ന ∙ കാമുകിയും സഹോദരനും ചേർന്നു തന്നെയും പിതാവ് ലാലുപ്രസാദ് യാദവിനെയും കൊല്ലാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച് തേജ് പ്രതാപ് യാദവ് പൊലീസിൽ പരാതി നൽകി. കാമുകി അനുഷ്ക യാദവ്, സഹോദരൻ ആകാശ് യാദവ് എന്നിവർ ഉൾപ്പെടെ 8 പേർക്ക് എതിരെയാണു പരാതി. അനുഷ്കയുടെ കുടുംബാംഗങ്ങളാണു കേസിൽ ഉൾപ്പെട്ടവരെല്ലാം. ആകാശ് യാദവിൽ നിന്നു വധഭീഷണി നേരിട്ടെന്നാണു തേജ് പ്രതാപിന്റെ ആരോപണം. 4 പേർ വീട്ടിൽ അതിക്രമിച്ചു കടന്നതായും പരാതിയിലുണ്ട്. ആകാശ് യാദവ് ആർജെഡി വിദ്യാർഥി വിഭാഗം നേതാവും തേജ് പ്രതാപിന്റെ സഹായിയുമായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ സചിവാലയ് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു.‘എന്റെ പ്രതിഛായ മോശമാക്കാനുള്ള ശ്രമങ്ങൾ നേരത്തെ മുതലുണ്ടായിരുന്നു. എന്റെ പിതാവ് ലാലുപ്രസാദ് യാദവ് രോഗബാധിതനാണ്. എന്നെയും എന്റെ പിതാവിനെയും കൊല്ലാനുള്ള ഗൂഢാലോചനയാണിത്. ആകാശ് യാദവിന് ഞങ്ങളെ കൊലപ്പെടുത്തണം. പ്രതിപക്ഷത്തിനൊപ്പം ചേർന്നാണ് ഈ ഗൂഢാലോചന നടത്തുന്നത് എന്നതിന് സാധ്യതയുണ്ട്.’–തേജ് പ്രതാപ് യാദവ് പറഞ്ഞു.
Source link


