NEWS

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ്

തിരുവനന്തപുരം :

പ്രമുഖ പാൽ ഉത്പന്ന സ്ഥാപനങ്ങളുടെയും ബിസിനസ് ബ്രാൻഡുകളുടെയും പേരും ലോഗോയും ദുരുപയോഗം ചെയ്ത് വാട്സ്ആപ്പ് വഴി വ്യാപകമായ സൈബർ സാമ്പത്തിക തട്ടിപ്പിന് ശ്രമം. ‘വാർഷികാഘോഷ സമ്മാനം’, ‘സൗജന്യ ഗിഫ്റ്റ്’ എന്നീ പേരുകളിൽ വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരകളാകുന്നതെന്ന് നടക്കുന്നതായി കേരള പൊലീസ് അറിയിച്ചു.

വാട്സ്ആപ്പ് വഴി ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഔദ്യോഗിക സൈറ്റ് എന്ന് തോന്നിക്കുന്ന വ്യാജ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുകയും തുടർന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകി ‘സ്‌ക്രാച്ച് ആൻഡ് വിൻ’ വഴി സമ്മാനം കിട്ടിയതായി വിശ്വസിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് സമ്മാനം കൈപ്പറ്റുന്നതിനായി ഈ സന്ദേശം മറ്റ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കോ സുഹൃത്തുക്കൾക്കോ ഷെയർ ചെയ്യാൻ ആവശ്യപ്പെടുന്നു. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി ഫോണിന്റെ മുഴുവൻ നിയന്ത്രണവും നേടിയെടുത്ത് ബാങ്ക് വിവരങ്ങളും ഒടിപിയും ചോർത്തി അക്കൗണ്ടിലെ പണം മുഴുവൻ പിൻവലിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.

വാട്സ്ആപ്പ്, എസ്.എം.എസ് എന്നിവ വഴി വരുന്ന ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് വരുന്ന സന്ദേശങ്ങൾ വിശ്വസിച്ച് ബാങ്ക് വിവരങ്ങൾ, ഒടിപി, എ.ടി.എം പിൻ എന്നിവ ആരുമായും പങ്കുവെക്കരുത്.സംശയാസ്പദമായ സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യാതിരിക്കുക. ‘സ്‌ക്രാച്ച് ആൻഡ് വിൻ’, ‘ഗിഫ്റ്റ് കൂപ്പൺ’, ‘ആനിവേഴ്സറി ഓഫർ’, ‘ലക്കി വിന്നർ’ തുടങ്ങിയ ആകർഷകമായ സന്ദേശങ്ങളോട് ജാഗ്രത പുലർത്തണമെന്ന് പൊലീസ് ഫേസബുക്കിൽ പങ്കുവച്ച പോസ്റ്രിൽ അറിയിച്ചു.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പരിലോ www.cybercrime.gov.in എന്ന ദേശിയ സൈബർ ക്രൈം പോർട്ടലിലോ പരാതിപ്പെടണമെന്നും പൊലീസ് കൂട്ടിച്ചേർത്തു.


Source link
NEWS

Back to top button