BUSINESS
കേരളത്തെ ‘സ്വർണ സിറ്റിയാക്കാൻ’ സതീശൻ; കൊച്ചി-തൃശൂർ ഗോൾഡ് ഇടനാഴി, സ്വർണ പാർക്ക്, വൻ തൊഴിലവസരം

ഇന്ത്യയിൽ ആളോഹരി സ്വർണ ഉപഭോഗത്തിൽ ഏറ്റവും മുന്നിലുള്ള കേരളത്തെ ഇന്ത്യയുടെ സ്വർണ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി.സതീശന്റെ കന്നി ബജറ്റ് പ്രഖ്യാപനം. പ്രതിവർഷം ഒരുലക്ഷം കോടി രൂപയിൽ കുറയാത്ത സ്വർണാഭരണ വിൽപന കേരളത്തിൽ നടക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ തന്നെ കണക്ക്. ശരാശരി 300 കോടി രൂപയുടേതാണ് പ്രതിദിന വിൽപന. അക്ഷയതൃതീയ ദിനത്തിൽ വിൽപന 1000 കോടി രൂപയ്ക്കുമേലെയുമാണ്.അതേസമയം, കേരളത്തിലേക്ക് ഇപ്പോഴും 50 ശതമാനത്തിലധികം സ്വർണാഭരണങ്ങളും എത്തുന്നത് കർണാടക, തമിഴ്നാട്, ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മാനുഫാക്ചറിങ് കേന്ദ്രങ്ങളിൽ നിന്നാണ്. കേരളത്തെ ഗോൾഡ് ഹബ്ബാക്കുമെന്ന സതീശന്റെ പ്രഖ്യാപനം യാഥാർഥ്യമായാൽ കേരളത്തിൽതന്നെ കൂടുതൽ സ്വർണാഭരണ നിർമാണ യൂണിറ്റുകൾ തുറക്കുന്നതിന് കളമൊരുങ്ങും.വൻതോതിൽ നിക്ഷേപം എത്താനും ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടാനും കേരളത്തനിമയുള്ള ആഭരണ ഡിസൈനുകൾ ലോകതലത്തിലേക്ക് എത്താനും ഇതു സഹായിക്കും. ∙ കേരളത്തിന്റെ സ്വർണാഭരണ നിർമാണ കേന്ദ്രമായ തൃശൂരിനെയും കൊച്ചിയെയും ബന്ധിപ്പിച്ച് ആഭരണ നിർമാണ ഇടനാഴി സ്ഥാപിക്കുമെന്നാണ് വി.ഡി.സതീശൻ പ്രഖ്യാപിച്ചത്.∙ സ്വർണ വിനിമയ കേന്ദ്രവും ആഭരണ നിർമാണ പാർക്കും (ഗോൾഡ് പാർക്ക്) സ്ഥാപിക്കാൻ സർക്കാർ പിന്തുണയും നൽകും. ∙ കേരളത്തിലെ പുതുതലമുറയെ ആഭരണ ഡിസൈനർമാരും നിർമാതാക്കളുമായി വളർത്തുന്നതിന് പരിശീലനം നൽകുമെന്നും പറഞ്ഞ മുഖ്യമന്ത്രി, പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്.
Source link


