NEWS
നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കം: നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി, ഹർജി തള്ളി

കൊച്ചി: സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി. ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ എന്ന സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ആർബിട്രേഷനിലേക്ക് (മധ്യസ്ഥത) വിടണമെന്നാവശ്യപ്പെട്ട് നിർമാതാക്കളായ മാജിക് ഫ്രെയിംസും ലിസ്റ്റിൻ സ്റ്റീഫനും നൽകിയ ഹർജി എറണാകുളം അഡീഷനൽ മുൻസിഫ് കോടതി തള്ളി. നടൻ നിവിൻ പോളിയും പോളി ജൂനിയർ പിക്ചേഴ്സും ഫയൽ ചെയ്ത സിവിൽ സ്യൂട്ടിലെ നടപടികളുമായി കോടതിക്ക് മുന്നോട്ട് പോകാം എന്ന് അഡീഷണൽ മുൻസിഫ് നന്ദകൃഷ്ണൻ എം. ഉത്തരവിട്ടു.’രാമചന്ദ്ര ബോസ് ആൻഡ് കോ’ എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് 2022 സെപ്റ്റംബറിലാണ് പോളി ജൂനിയർ പിക്ചേഴ്സും മാജിക് ഫ്രെയിംസും തമ്മിൽ കരാറുണ്ടാക്കുന്നത്. ലാഭവിഹിതം പങ്കുവെക്കുന്ന വ്യവസ്ഥയിലായിരുന്നു നിർമാണച്ചുമതല. എന്നാൽ ചിത്രത്തിന്റെ തിയേറ്റർ വിതരണം ഏറ്റെടുത്ത ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും യഥാർത്ഥ വരുമാന വിവരങ്ങളും ചെലവുകളും മറച്ചുവെച്ചെന്നും തങ്ങൾക്ക് ലഭിക്കേണ്ട ലാഭം നൽകിയില്ലെന്നുമാണ് നിവിൻ പോളിയുടെയും കമ്പനിയുടെയും പരാതി. കൂടാതെ, കൃത്യമായ കണക്കുകൾ കാണിക്കാതെ 7.5 കോടി രൂപയുടെ ബാധ്യത തങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചുവെന്നും 10 കോടി രൂപയുടെ വായ്പയിൽ 5.5 കോടി രൂപ തിരിച്ചടച്ചിട്ടും സെക്യൂരിറ്റിയായി നൽകിയ ചെക്കുകൾ ലിസ്റ്റിൻ സ്റ്റീഫൻ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചുവെന്നും ഹർജിയിൽ പറയുന്നു. ഇതിന് പുറമെ ‘മലയാളി ഫ്രം ഇന്ത്യ’ എന്ന സിനിമയുടെ ലാഭവിഹിതം നൽകാതെ പറ്റിച്ചുവെന്നും ലിസ്റ്റിൻ സ്റ്റീഫൻ പൊതുവേദിയിൽ വെച്ച് നിവിൻ പോളിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നും പരാതിയിലുണ്ട്. ഈ തർക്കങ്ങളിലാണ് നിവിൻ പോളി കോടതിയെ സമീപിച്ചത്. എന്നാൽ, ഇരുവിഭാഗവും തമ്മിൽ ഒപ്പുവെച്ച ഉപകരാറിലെ നാലാം വകുപ്പ് പ്രകാരം തർക്കങ്ങൾ കോടതിക്ക് പുറത്ത് ആർബിട്രേഷൻ വഴി മാത്രമേ പരിഹരിക്കാൻ പാടുള്ളൂ എന്നായിരുന്നു ലിസ്റ്റിൻ സ്റ്റീഫന്റെ വാദം. അതിനാൽ സിവിൽ കോടതിക്ക് ഈ കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന് കാണിച്ച് ഇവർ ആർബിട്രേഷൻ ആക്ട് സെക്ഷൻ 8 പ്രകാരം ഹർജി നൽകുകയായിരുന്നു.
Source link


