NEWS
14,000 കോടി നിഷേധിച്ചത് കേന്ദ്രം; കിട്ടാൻ ഇനിയും സാധ്യത: മറുപടിയുമായി ബാലഗോപാൽ

തിരുവനന്തപുരം ∙ കേന്ദ്രത്തില്‍നിന്നു റവന്യു കമ്മി ഗ്രാന്റ് ഇനത്തില്‍ 14,138 കോടി രൂപ കിട്ടുമെന്നു കരുതിയാണ് ഇടതു സര്‍ക്കാര്‍ ബജറ്റ് തയാറാക്കിയതെന്ന് മുന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. 14,138 കോടി രൂപ ആദ്യ ഗഡുവായി നടപ്പുവര്‍ഷം ലഭിക്കുമെന്നായിരുന്നു നമ്മുടെ അനുമാനം. എന്നാല്‍ കേന്ദ്രം ഇത്തവണ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിഷേധിച്ചുവെന്നും ഈ നടപടി രാജ്യത്തെ പല സംസ്ഥാനങ്ങളുടെയും സാമ്പത്തിക കണക്കുകൂട്ടലുകള്‍ തെറ്റിച്ചിട്ടുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു. കിട്ടില്ലെന്ന് ഉറപ്പുള്ള പണം കിട്ടുമെന്ന് പറഞ്ഞ് ബജറ്റില്‍ പദ്ധതികള്‍ പെരുപ്പിച്ചു കാട്ടുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന് ആരോപിച്ചിരുന്നു. 16-ാം ധനകാര്യ കമ്മിഷന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മോശമല്ലാത്ത റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കേരളത്തിന് ലഭിക്കുമെന്നാണ് സംസ്ഥാനം ഉറപ്പായും പ്രതീക്ഷിച്ചിരുന്നതെന്ന് കെ.എന്‍.ബാലഗോപാല്‍ പറയുന്നു. മുന്‍ ധനകാര്യ കമ്മിഷനുകള്‍ അനുവദിച്ച മാതൃകയില്‍ സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റ് അനുവദിച്ചാല്‍ കേരളത്തിന് 40,000 കോടി രൂപയിലധികം ഈ ഇനത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് ലഭിക്കേണ്ടതുമാണ്. 15-ാം ധനകാര്യ കമ്മിഷന് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റായി വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് നാലര ലക്ഷം കോടി രൂപയാണ്. നാണ്യപ്പെരുപ്പം വച്ചു കണക്കാക്കുമ്പോള്‍ ആറു ലക്ഷം കോടി രൂപയെങ്കിലും ഈ വിധത്തില്‍ ഇത്തവണ പതിനാറാം ധനകാര്യ കമ്മിഷന് സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കേണ്ടതായിരുന്നു. എന്നാല്‍ ഇതാണ് ഇപ്പോള്‍ കേന്ദ്രം നിഷേധിച്ചിരിക്കുന്നത്.
Source link


