NEWS
2.78 കോടി ‘കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം’? അന്വേഷണം വീണയിലൊതുങ്ങില്ല; മൊഴികൾ ഒത്തുനോക്കാൻ ഇ.ഡി

കൊച്ചി∙ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നീക്കം കരുതലോടെ. ലഭ്യമായ മുഴുവൻ മൊഴികളും രേഖകളും വിശദമായ വിശകലനത്തിന് വിധേയമാക്കുകയാണ് ആദ്യ ചുവട്. ഈ വിഷയത്തിൽ എസ്എഫ്ഐഒ നടത്തിയ അന്വേഷണത്തിന്റെ മുഴുവൻ രേഖകളും ഇന്ന് ഇ.ഡിക്ക് ലഭ്യമാകും. തുടർന്ന് ഇതുകൂടി പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ അടിസ്ഥാനത്തിലാവും അടുത്തഘട്ടം ചോദ്യം ചെയ്യലുകൾ തീരുമാനിക്കുക എന്നാണ് വിവരം. അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയ്ക്കും മാത്രമല്ല, അതിനുമപ്പുറമുള്ള സാധ്യതകളിലേക്കു കൂടി വഴി തുറക്കുന്നതായിരിക്കും ഏജൻസിയുടെ അടുത്ത നീക്കങ്ങളെന്നുമാണ് അന്വേഷണസംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.പണം കൈമാറിയ സിഎംആർഎൽ അധികൃതരെയും പണം കൈപ്പറ്റിയ എക്സാലോജിക് ഉടമ വീണയെയും ചോദ്യം ചെയ്തതോടെ ഇ.ഡിക്ക് പ്രാഥമിക ഡിജിറ്റൽ-രേഖാമൂലമുള്ള തെളിവുകൾ ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചി ഓഫീസിൽ വെച്ച് വീണയെ ഏകദേശം 8 മണിക്കൂറോളം ഇ.ഡി തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. എക്സാലോജിക് കമ്പനിക്ക് സിഎംആർഎൽ നൽകിയ 2.78 കോടി രൂപയ്ക്ക് പകരമായി എന്ത് സേവനമാണ് നൽകിയതെന്നതിനും ശശിധരൻ കർത്തയുടെ കുടുംബവുമായി ബന്ധപ്പെട്ട ‘എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്’ കമ്പനിയിൽ നിന്ന് വാങ്ങിയ 50 ലക്ഷം രൂപയുടെ വായ്പയെക്കുറിച്ചുമുള്ള കൃത്യമായ മറുപടികളാണ് ഇ.ഡി ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ ഡിജിറ്റൽ തെളിവുകളുടെയും മൊഴികളുടെയും ശാസ്ത്രീയ വിശകലനത്തിനാണ് ഇപ്പോൾ മുൻഗണന നൽകുകയെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു.മാത്രമല്ല, മറ്റ് രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും ഇ.ഡിക്ക് ആലോചനയുണ്ടെന്നാണ് സൂചനകൾ. സിഎംആർഎൽ കമ്പനി കഴിഞ്ഞ 15 വർഷത്തിനിടയിൽ 182 കോടിയോളം രൂപ വ്യാജ ചെലവുകളായി കാണിച്ച് പലർക്കും കൈക്കൂലിയായും മാസപ്പടിയായും നൽകിയിട്ടുണ്ടെന്നാണ് എസ്എഫ്ഐഒ കണ്ടെത്തിയിട്ടുള്ളത്. അതിനാൽ അന്വേഷണം വീണയിലേക്ക് മാത്രമല്ല, കർത്തയുടെ കുടുംബത്തിന്റെ ഡയറിയിലുള്ള മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവരിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് സമൻസ് ലഭിച്ചേക്കാം.
Source link


