NEWS

യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി, പിഎം ശ്രീയിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി നടപ്പാക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ പിഎം ശ്രീ പദ്ധതിയെ എതിർത്തവരാണ് യു.ഡി.എഫെന്നും, അന്ന് കോൺഗ്രസും ലീഗും ചേർന്ന് വലിയ വിവാദങ്ങൾ ഉയർത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്ന് എൽ.ഡി.എഫ് സർക്കാർ കേന്ദ്രവുമായി ചർച്ച നടത്തുമ്പോൾ ‘ബിജെപി-സിപിഎം ഡീൽ എന്നും കേരളം കേന്ദ്രത്തിന് കീഴടങ്ങിയെന്നും പ്രചരിപ്പിച്ചവരാണ് ഇപ്പോൾ ഭരണം കിട്ടിയപ്പോൾ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

മുൻ സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് ഈ പദ്ധതിയുമായി മുന്നോട്ട് പോകുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് യുഡിഎഫ് ഇപ്പോൾ ന്യായീകരിക്കുന്നത്. അതിൽ നിന്നും പിന്നോട്ട് പോകാൻ കഴിയില്ലെന്ന വാദമാണ് അവർ ഉന്നയിക്കുന്നത്. എന്നാൽ ഒപ്പിട്ടതുകൊണ്ട് മാത്രം ഒരു പദ്ധതിയും നടപ്പാക്കേണ്ടതില്ലെന്നും തെറ്റായ വാദങ്ങൾ നിരത്തി ജനങ്ങളെ വഴിതെറ്റിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുൻപ് എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ഒച്ചപ്പാടുണ്ടാക്കിയവർ തന്നെയാണ് ഇപ്പോൾ ഈ മലക്കംമറച്ചിൽ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ യു.ഡി.എഫ് ഒരു കാര്യം ആലോചിക്കണമെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മറ്റ് സംസ്ഥാന സർക്കാരുകളെല്ലാം ഈ പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. ‘ഇന്ത്യയിലുള്ള കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാന സർക്കാരുകളും പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നുണ്ട്. ഒരു വിയോജിപ്പും ഒരു സർക്കാരും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. അവർ പദ്ധതിയിൽ ഒപ്പിടുകയും ദേശീയ വിദ്യാഭ്യാസ നയം എന്തൊക്കെയാണോ നിർദ്ദേശിച്ചിരിക്കുന്നത് അതെല്ലാം അതുപോലെ നടപ്പാക്കാൻ തയ്യാറാവുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിന്റെ യഥാർത്ഥ നിലപാട് എന്താണെന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.’ -പിണറായി വിജയൻ പറഞ്ഞു.


Source link
NEWS

Back to top button