NEWS
സംഘർഷം അവസാനിച്ചാലും ഇന്ത്യയിൽ വിലക്കയറ്റം തുടരും; പരിഹാരം വൈകും

ന്യൂഡൽഹി ∙ ധാരണാപത്രത്തിലൂടെ പശ്ചിമേഷ്യൻ സംഘർഷത്തിനു വിരാമമിടാമെങ്കിലും അതുണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതങ്ങൾക്കു സ്വിച്ചിട്ടതുപോലെയുള്ള പരിഹാരം പ്രതീക്ഷിക്കേണ്ടതില്ല. സംഘർഷത്തിൽ പരോക്ഷമായിപ്പോലും പങ്കാളിയല്ലാതിരുന്നിട്ടും ഇന്ത്യ വലിയ വില കൊടുക്കേണ്ടിവന്നു. സ്വർണം വാങ്ങലും വിദേശയാത്രകളും ഒഴിവാക്കി ‘മുണ്ടുമുറുക്കിയുടുക്കണ’മെന്നു പ്രധാനമന്ത്രിക്കു പറയേണ്ടിവന്നതിൽതന്നെ സാഹചര്യത്തിന്റെ ഗൗരവം വ്യക്തമായിരുന്നു. ഇന്ധന വിലവർധന, രൂപയുടെ തകർച്ച, വിദേശനാണ്യശേഖരത്തിലെ ഇടിവ്, ഉയർന്ന കയറ്റുമതിച്ചെലവ്, വിദേശ നിക്ഷേപക പിന്മാറ്റം അടക്കം പല രൂപങ്ങളിലാണ് പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയുടെ മർമത്തടിച്ചത്.സംഘർഷം തുടങ്ങുന്നതിനു മുൻപ് ജനുവരിയിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 2.75 ശതമാനമായിരുന്നെങ്കിൽ മേയിൽ 3.93 ശതമാനമായി ഉയർന്നു. വിലക്കയറ്റം ഇനിയും ഉയർന്നാൽ ഇക്കൊല്ലം 2 തവണയെങ്കിലും റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്തുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നു.ഈ വർഷം 2.2 ലക്ഷം കോടിയിലേറെ രൂപയാണ് രാജ്യത്തെ ഓഹരിവിപണികളിൽനിന്നു പിൻവലിക്കപ്പെട്ടത്. വിദേശനാണ്യ ശേഖരത്തിനു കടുത്ത സമ്മർദമാണ് ഇത് ഏൽപിച്ചത്. ക്രൂഡോയിൽ ഇറക്കുമതിച്ചെലവ് വർധിച്ചതും ഡോളറിന്റെ ഡിമാൻഡ് വർധിപ്പിച്ചു.
Source link

