NEWS
ബസ് ടെർമിനലിലെ സീലിങ് അടർന്നുവീണു; രണ്ടു യാത്രക്കാർക്ക് പരുക്ക്

കോഴിക്കോട് ∙ മാവൂർ റോഡിൽ കെഎസ്ആർടിസിയുടെ പ്രധാന ബസ് ടെർമിനലിലെ യാത്രക്കാരുടെ കാത്തിരിപ്പു സ്ഥലത്തിനു മുകളിലെ സീലിങ് അടർന്നുവീണ് രണ്ടു യാത്രക്കാർക്കു പരുക്ക്. വെള്ളിയാഴ്ച പുലർച്ചെ 1.22 നാണ് സീലിങ് വീണത്. മേൽക്കൂരയിലെ കോൺക്രീറ്റിന് താഴെ ഘടിപ്പിച്ച ജിപ്സം സീലിങ് ഇളകി വീഴുകയായിരുന്നു. മാനന്തവാടി, തൊട്ടിൽപാലം ബസുകൾ എത്തുന്ന പതിമൂന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപമാണ് ഇത് വീണത്. ബസ് കാത്ത് ടെർമിനലിലെ ഇരിപ്പിടത്തിൽ ഉണ്ടായിരുന്ന ആലപ്പുഴ കായംകുളം കിരിക്കാടി കിഴക്കേലമൂട് വീട്ടിൽ മധു (58), വയനാട് മാനന്തവാടി ചെറുപുഴ കോക്കണ്ടത്തിൽ ഹൗസിൽ അജിത്ത് (24) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരുടെ തലയിൽ ചെറിയ മുറിവു മാത്രമാണ് ഉണ്ടായതെന്നാണ് വിവരം. കെട്ടിടം ആരു ബലപ്പെടുത്തണം, അറ്റകുറ്റപ്പണിയുടെ ചെലവ് ആരു വഹിക്കണം എന്നതുമായി ബന്ധപ്പെട്ട് സർക്കാരും (കെടിഡിഎഫ്സി) പാട്ടക്കാരായ അലിഫ് ബിൽഡേഴ്സും തമ്മിൽ കോടതിയിലെ നിയമതർക്കവും തുടരുകയാണ്. കെട്ടിടം കെടിഡിഎഫ്സി ബലപ്പെടുത്തി നൽകണമെന്നാണ് പാട്ടക്കരാർ എടുത്ത കമ്പനിയുടെ വാദം. എന്നാൽ, ടെർമിനൽ നിലവിലെ അവസ്ഥയിലാണ് കൈമാറിയതെന്നും തുടർന്നുള്ള അറ്റകുറ്റപ്പണികൾ കരാർ കമ്പനി തന്നെയാണ് നടത്തേണ്ടതെന്നാണ് കെടിഡിഎഫ്സിയുടെ വാദം.
Source link


