NEWS

10 രൂപ മുതൽ 150ന് മുകളിൽ വരെ, ജൂൺ 15ന് ശേഷം മലയാളികളുടെ കുടുംബ ബഡ്ജറ്റിന് സഹായകരമാകും

കൊച്ചി: സ്ത്രീകളുടെ കെ.എസ്.ആർ.ടി.സി സൗജന്യയാത്രയ്ക്ക് ജില്ലയിൽ ലഭ്യമാവുക 263 ഓർഡിനറി ബസുകൾ. വിവിധ ഡിപ്പോകളിലെ ബസുകളാണിത്. 10 രൂപ മുതൽ 150ന് മുകളിൽ വരെ നിരക്കുകളുള്ള ഓർഡിനറി ബസുകൾ ജില്ലയിൽ സർവീസ് നടത്തുന്നുണ്ട്. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ പ്രിയദർശിനി പദ്ധതിയിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും യാത്ര സൗജന്യമാണ്.

കെ.എസ്.ആ‌ർ.ടി.സി വനിതാ യാത്രക്കാരുടെ കണക്കെടുത്തിരുന്നെങ്കിലും പിന്നീട് നിറുത്തിവച്ചു. നിലവിൽ ടിക്കറ്റിംഗ് സംവിധാനങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ജില്ലയിലെ ഡിപ്പോ തിരിച്ചുള്ള കണക്കുകൾപ്രകാരം കൂടുതൽ ഓർഡിനറി ബസുകൾ നോർത്ത് പറവൂരിലാണ് (46 ബസുകൾ). തൊട്ടുപിന്നാലെ മൂവാറ്റുപുഴയിൽ 37 ബസുകളും ആലുവയിൽ 34 ബസുകളും സർവീസ് നടത്തും.

വ്യവസായിക നഗരമായ ജില്ലയിൽ തൊഴിലിനായി നിത്യേന യാത്ര ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകൾ, കച്ചവടക്കാർ, ഉൾപ്പെടെയുള്ളവ‌ർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കൂടാതെ ഹയർ സെക്കൻഡറി-കോളേജ് വിദ്യാർത്ഥിനികൾ എന്നിവർക്ക് യാത്രാച്ചെലവ് പൂർണമായും ഒഴിവാകുന്നത് കുടുംബ ബഡ്ജറ്റുകളെ വലിയരീതിയിൽ സഹായിക്കും. പ്രായഭേദമന്യെയോ വരുമാന പരിധിയില്ലാതെയോ എല്ലാ സ്ത്രീകൾക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താമെന്നതും ആശ്വാസമാണ്.

 ഓർഡിനറി ബസുകളിൽ മാത്രം
നിലവിൽ കെ.എസ്.ആർ.ടി.സിയുടെ ‘ഓർഡിനറി’ പദവിയുള്ള ബസുകളിൽ മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, സ്വിഫ്റ്റ് തുടങ്ങിയ സൂപ്പർ ക്ലാസ് സർവീസുകളിൽ പതിവ് നിരക്കുകൾ തന്നെയായിരിക്കും. യാത്രക്കാർ കയറുന്ന ഡിപ്പോകളിലും ബസുകളിലും ഇത് സംബന്ധിച്ച കൃത്യമായ ബോർഡുകൾ സ്ഥാപിക്കാൻ കെ.എസ്.ആർ.ടി.സി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തുടക്കത്തിൽ ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതൽ സ്ത്രീ യാത്രക്കാർ ആശ്രയിക്കുന്ന റൂട്ടുകളിൽ ആവശ്യമെങ്കിൽ അധിക സർവീസുകൾ ക്രമീകരിക്കുന്നതിനും പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും പ്രത്യേക പരിശീലനവും പരിഗണനയിലാണ്.

ഡിപ്പോകളിലെ ഓർഡിനറി സ‌‌ർവീസ്
മൂവാറ്റുപുഴ – 37

നോർത്ത് പറവൂർ – 46

പെരുമ്പാവൂർ – 31

കോതമംഗലം – 30

അങ്കമാലി – 23

പിറവം – 22

എറണാകുളം – 21

കൂത്താട്ടുകുളം – 19

ആലുവ- 34


Source link
NEWS

Back to top button