NEWS

ജസ്റ്റിസ് കൗസർ എടപ്പഗത്തും പിന്മാറി: മെമ്മറി കാർഡ് കേസിൽ ഹർജി ഇനി മറ്റൊരു ബെഞ്ചിലേക്ക്


കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് തുറന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് കേള്‍ക്കുന്നതില്‍നിന്ന് ഇന്ന് പിന്മാറിയത്. ഇന്നു രാവിലെ കേസ് പരിഗണിക്കുന്നതിനിടെ, താൻ ഇതിൽനിന്നു പിന്മാറുകയാണെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. കഴിഞ്ഞദിവസം മറ്റൊരു ബെഞ്ചിലെ ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ കേസ് പരിഗണിക്കുന്നതില്‍നിന്ന് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഹര്‍ജി പുതിയ ബെഞ്ചിലെത്തിയത്. രണ്ടാമത്തെ ജഡ്ജിയും പിന്മാറിയതോടെ അതിജീവിതയുടെ ഹര്‍ജി ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും.മെമ്മറി കാര്‍ഡ് നേരത്തേ പരിഗണിച്ച എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജഡ്ജി ആയിരുന്നു എന്ന കാരണത്താലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയത് എന്നാണ് വിവരം. മുമ്പ് ഹൈക്കോടതി ജുഡീഷ്യല്‍ റജിസ്ട്രാറായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് അതിജീവിതയുടെ പരാതി പരിഗണിച്ചിരുന്നു എന്നു ചൂണ്ടിക്കാട്ടിയാണു കഴിഞ്ഞ ദിവസം ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ ഹര്‍ജിയില്‍നിന്ന് പിന്മാറിയത്.2017 ഫെബ്രുവരിയിലാണ് അതിജീവിതയായ നടി ആക്രമിക്കപ്പെടുന്നതും പ്രതികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകർത്തുന്നതും. ഈ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടന്‍ ദിലീപ് ഉള്‍പ്പെടെ നാലു പേരെ വെറുതെ വിടുകയും കുറ്റകൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ട ആദ്യ 6 പ്രതികളെ ശിക്ഷിക്കുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് മെമ്മറി കാര്‍ഡ് വിഷയത്തില്‍ അതിജീവിത കോടതിയെ സമീപിച്ചിരിക്കുന്നത്.


Source link

Back to top button