NEWS

‘അൻസിബയ്ക്ക് പിന്നിൽ മത വർഗീയവാദികൾ, മകളെപ്പോലും അധിക്ഷേപിച്ചു’; മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ലക്ഷ്മിപ്രിയ

കൊച്ചി: നടി അൻസിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് നടി ലക്ഷ്മിപ്രിയ. അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞ് അൻസിബ വിവാദം സൃഷ്ടിക്കുകയാണെന്നും ഇതിന് പിന്നില്‍ മത വർഗീയവാദികളാണെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.

ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിത സെൽ എസ്ഐ രേഷ്മയ്ക്കും എതിരെ അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് മാനനഷ്ടക്കേസ് നൽകാനൊരുങ്ങുന്നത്. അഡ്വ കൃഷ്ണരാജ് മുഖേനയാകും കേസ് ഫയല്‍ ചെയ്യുകയെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.

അൻസിബയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ലക്ഷ്മിപ്രിയ നടത്തിയിരിക്കുന്നത്. മതചിഹ്നം വരാൻ പാടില്ല എന്നാണ് അൻസിബ വാശിപിടിച്ചത്. അതുകൊണ്ടാണ് മത വർഗീയവാദികൾ പിന്നിലുണ്ട് എന്ന് പറയുന്നത്. ക്ഷേത്രങ്ങളോ പള്ളികളോ ആര് ഫണ്ട് തന്നാലും അമ്മ അത് സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. തന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അന്‍സിബ സംസാരിച്ചെന്നും 10 വയസുള്ള മകളെവരെ അപമാനിച്ചെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.

അതേസമയം, ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ്ഐക്കും എതിരെ അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട് നൽകിയത്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മ അന്‍സിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വ്യാജ പരാതിയുടെ മറവില്‍ ലക്ഷ്മിപ്രിയയും വനിതാ എസ്ഐയും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അന്‍സിബയുടെ പരാതി. അതേസമയം അന്‍സിബക്കെതിരെ ലക്ഷ്മിപ്രിയ നല്‍കിയ പരാതിയും ഗൗരവമുള്ളതല്ലെന്ന് പൊലീസ് പറയുന്നു.


Source link
NEWS

Back to top button