NEWS

അൻസിബയ്ക്ക് പിന്നിൽ മറ്റ് ശക്തികൾ, എന്റെ മകളെപ്പോലും അധിക്ഷപിച്ചു; മാനനഷ്ടക്കേസ് നൽകും: ലക്ഷ്മിപ്രിയ


കൊച്ചി ∙ നടിമാരായ അൻസിബ ഹസൻ – ലക്ഷ്മിപ്രിയ തർക്കം രൂക്ഷമാകുന്നു. അൻസിബയ്ക്കെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയ വ്യക്തമാക്കി. അൻസിബയ്ക്ക് പിന്നിൽ മത-വർഗീയ ശക്തികളുണ്ടെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു. അൻസിബ നേരത്തേ ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിത സെൽ എസ്ഐ രേഷ്മയ്ക്കും എതിരെ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനു പിന്നാലെയാണ് മാനനഷ്ടക്കേസ് നൽകുമെന്ന പുതിയ പ്രഖ്യാപനം. ലക്ഷ്മിപ്രിയ അൻസിബയ്ക്കെതിരെ നൽകിയ പരാതിയിലും കഴമ്പില്ലെന്ന രീതിയിലാണ് പൊലീസ് റിപ്പോർട്ട് എന്നാണ് വിവരം. എന്നാൽ ഈ വാർത്ത പുറത്തുവന്നതിനു പിന്നാലെ മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയ ലക്ഷ്മിപ്രിയ, അൻസിബയുടെ നീക്കങ്ങൾക്ക് പിന്നിൽ മത, വർഗീയ ശക്തികളുണ്ടെന്ന് താൻ സംശയിക്കുന്നതായും ആരോപിച്ചു. 10 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും തന്റെ മകളെപ്പോലും അൻസിബ അധിക്ഷേപിച്ചെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു. താരസംഘടനയായ ‘അമ്മ’യുടെ മുൻ ജോയിന്റ് സെക്രട്ടറി കൂടിയാണ് അൻസിബ ഹസൻ. തൃപ്പൂണിത്തുറ എസ്‌ഐ രേഷ്മ തന്നെ സ്റ്റേഷനിൽ മൂന്ന് മണിക്കൂറോളം നിയമവിരുദ്ധമായി തടഞ്ഞുവച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ പ്രധാന ആരോപണം. എന്നാൽ എസ്‌ഐ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ഉണ്ടായതെന്നുമാണ് പൊലീസ് ഭാഷ്യം. അൻസിബയെ മൂന്ന് മണിക്കൂർ സ്റ്റേഷനിൽ ഇരുത്തിയിട്ടില്ലെന്നും കൃത്യമായി ഒരു മണിക്കൂറും 17 മിനിറ്റും 20 സെക്കൻഡും മാത്രമാണ് അവിടെ ഇരുന്നതെന്നും ഇതിന്റെ ഡിജിറ്റൽ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Ansiba Hassan എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link

Back to top button