NEWS

കയ്യൂക്ക് ഇനിയില്ല: സിപിഎം നിലപാടിൽ ആകാംക്ഷ; ഇനി ശരണം സുപ്രീം കോടതി


തിരുവനന്തപുരം ∙ സിഎംആർഎലുമായി നടത്തിയ സാമ്പത്തിക ഇടപാടിൽ ചോദ്യംചെയ്യലിന് ടി.വീണ ഇ.ഡിക്കു മുന്നിൽ വെള്ളിയാഴ്ച ഹാജരാകുമ്പോൾ സിപിഎം എന്തു നിലപാടു സ്വീകരിക്കുമെന്നതിൽ ആകാംക്ഷയുയരുന്നു. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീടിനു മുന്നിൽ ഇ.ഡി സംഘത്തെ കയ്യൂക്കുകൊണ്ട് നേരിട്ട സിപിഎം ഇനി അത്തരമൊരു നടപടിക്കു തുനിയില്ല. നേതാവിന്റെ വീട്ടിൽ ഇ.ഡി എത്തിയത് പ്രവർത്തകരിലുണ്ടാക്കിയ വൈകാരിക രോഷമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന നിലപാടാണ് പാർട്ടി അന്നു സ്വീകരിച്ചത്. എന്നാൽ ഇ.ഡി തന്നോടല്ല, മകളോടാണു ചോദ്യങ്ങൾ ചോദിച്ചതെന്നു പിണറായിതന്നെ വ്യക്തമാക്കി.ഇ.ഡിയെ നേരിടാൻ കല്ല്, ഇഷ്ടിക, വടി, മുട്ട തുടങ്ങിയവകൊണ്ടു തെരുവിലിറങ്ങിയ പ്രവർത്തകർക്കെതിരെ വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണു പൊലീസ് ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന 300 പേർ പ്രതിപ്പട്ടികയിലുള്ള കേസിൽ ഇതുവരെ 26 പേർ അറസ്റ്റിലായി. ഇ.ഡി കൂടി കക്ഷിചേരാനിരിക്കെ കേസ് കൂടുതൽ മുറുകും. വീണ്ടുമൊരു ചോദ്യംചെയ്യലിനു കളമൊരുങ്ങുമ്പോൾ തെരുവിൽ വൈകാരികമായ രോഷപ്രകടനങ്ങൾ ഇനിയുമുണ്ടാകുന്നതിനെ ന്യായീകരിക്കുക പാർട്ടിക്ക് എളുപ്പമാവില്ല. പിണറായിയുടെ വസതിയിലേക്ക് അപ്രതീക്ഷിതമായി ഇ.ഡി എത്തിയതിൽ പാർട്ടിക്കുണ്ടായ ഞെട്ടൽ വീണയുടെ കാര്യത്തിലില്ല. സമൻസ് അയച്ച് മുൻകൂട്ടി അറിയിച്ചുള്ള ചോദ്യംചെയ്യലാണു നടക്കാനിരിക്കുന്നത്.അതേസമയം, കേന്ദ്ര അന്വേഷണ ഏജൻസിയുടെ കേസിൽ ഒരു പങ്കുമില്ലെന്നു വ്യക്തമാക്കി കളത്തിനുപുറത്ത് കാഴ്ചക്കാരന്റെ റോളിൽ നിൽക്കുകയാണു കോൺഗ്രസും സംസ്ഥാന സർക്കാരും. കേസ് അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു ചൂണ്ടിക്കാട്ടുന്ന കോൺഗ്രസ് പക്ഷേ, ഇ.ഡിയുടെ നടപടികൾക്കു കയ്യടിക്കാനുമില്ല. ദേശീയതലത്തിൽ രാഹുൽ ഗാന്ധി അടക്കമുള്ളവർ നടത്തുന്ന പോരാട്ടത്തിന്റെ ചുവടുപിടിച്ച് ഇ.ഡി ‘അത്ര വെടിപ്പല്ല’ എന്ന നിലപാടിൽത്തന്നെയാണു കേരളത്തിലെ പാർട്ടിയും.


Source link

Back to top button